വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് കെട്ടിട നിർമ്മാണ മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ നടപടി. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെടുകയും, വാഹനം സഹിതം ഡ്രൈവറെ പിടികൂടി 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു പേർക്കെതിരെ നടപടി. കെട്ടിട നിർമ്മാണത്തിന്റെ അവശിഷ്ട മാലിന്യങ്ങൾ ആണ് വാഹനത്തിൽ കൊണ്ട് വന്ന് കടലിൽ തള്ളിയത്. മാലിന്യം നിക്ഷേപിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പഞ്ചായത്ത് അധികൃതർ സ്ഥല സന്ദർശനം നടത്തി.

മാലിന്യം കൊണ്ട് നിക്ഷേപിച്ച വാഹനത്തെയും ഡ്രൈവറെയും വഴിയിൽ നിന്ന് പിടികൂടി. ഇടവ സ്വദേശി അനീഷിനെയാണ് വാഹനത്തോട് കൂടി അധികൃതർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അനീഷിന് 50000 രൂപ പിഴ ചുമത്തി. തുടർനടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇടവയിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം പതിവാണെന്ന് നാട്ടുകാർ പറയുന്നു.