29 വർഷങ്ങൾക്ക് മുൻപ് താൻ പിറന്നു വീണ അതേ ബോട്ടിൽ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് ആലപ്പുഴ പെരുമ്പളം ദ്വീപുകാരനായ വെങ്കിടേഷ് ബാബു. ജലഗതാഗത വകുപ്പിന്റെ എ-47 ബോട്ടിലെ ലാസ്കർ തസ്തികയിലാണ് പിഎസ്‌സി നിയമനം ലഭിച്ച വെങ്കിടേഷ് ചുമതലയേറ്റത്.

ആലപ്പുഴ: സിനിമകളിലും ചില സാങ്കൽപ്പിക കഥകളിലുമൊക്കെ ചിലപ്പോൾ നമ്മൾ കേട്ടിട്ടുണ്ടാവും ഇത്തരം ചില സംഭവങ്ങൾ, പക്ഷെ അങ്ങനെ നടന്ന ഒരു സംഭവമാണ് പറയാനുള്ളത്, അതും ആലപ്പുഴയിൽ. ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് മുൻപ് താൻ പിറന്നു വീണ അതേ ബോട്ടിൽ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് പെരുമ്പളം ദ്വീപുകാരനായ വെങ്കിടേഷ് ബാബു.

ജലഗതാഗത വകുപ്പിന്റെ എ-47 ബോട്ടിലെ ലാസ്കർ തസ്തികയിലാണ് വെങ്കിടേഷ് വെള്ളിയാഴ്ച ചുമതലയേറ്റത്. പാണാവള്ളി-പൂത്തോട്ട റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബോട്ട് നിലവിൽ നെടുമുടി-ആലപ്പുഴ സൂപ്പർ എക്സ്പ്രസ് റൂട്ടിലാണ് ഓടുന്നത്. തന്റെ നിയോഗം തന്നെയാണ് ഈ തിരിച്ചുവരവെന്ന് വിശ്വസിക്കുന്ന വെങ്കിടേഷിന്റെ ആഗ്രഹം മാനിച്ച്, ജലഗതാഗത വകുപ്പ് എം ഡി ഷാജി വി നായർ പ്രത്യേക അനുമതി നൽകുകയായിരുന്നു.

1996 ജൂൺ മൂന്നിന് പുലർച്ചെ രണ്ടിനാണ് പെരുമ്പളം സൗത്ത് കിഴക്കനേത്ത് ടി വി ബാബുവിന്റെ ഭാര്യ ഷൈലയ്ക്ക് പ്രസവവേദന തുടങ്ങിയത്. അക്കാലത്ത് എ-47 ബോട്ട് രാത്രിയിൽ സൗത്ത് ജെട്ടിയിലാണ് കെട്ടിയിട്ടിരുന്നത്. ദ്വീപുകാർക്ക് രാത്രിയിൽ ആശുപത്രിയിലേക്ക് പോകാൻ ഈ ബോട്ട് പ്രത്യേക സർവീസ് നടത്തുമായിരുന്നു. ആ രാത്രി ഷൈലയുമായി ഭർത്താവും മാതാപിതാക്കളും ധൃതിയിൽ ബോട്ടുയാത്ര തുടങ്ങി. യാത്രക്കിടെ പ്രസവവേദന കലശലായ ഷൈല അഞ്ച് മിനിറ്റിനുള്ളിൽ ഒരു ആൺകുഞ്ഞിന് ബോട്ടിൽ ജന്മം നൽകി. അവനാണ് വെങ്കിടേഷ് ബാബു.

ഈ കഥ കേട്ടാണ് കുട്ടി വളർന്നത്. അന്നുമുതൽ ബോട്ടുമായി വെങ്കിടേഷിന് വൈകാരിക ബന്ധമുണ്ടായിരുന്നു. ബോട്ട് പിന്നീട് ആലപ്പുഴയിലേക്ക് സർവീസ് മാറ്റി. 2018ൽ അറ്റകുറ്റപ്പണിക്കായി ആലപ്പുഴ ഡോക് യാർഡിലെത്തിച്ചപ്പോൾ വെങ്കിടേഷ് പോയി കാണുകയും ലേലത്തിൽ കിട്ടുമോയെന്ന് തിരക്കുകയും ചെയ്തിരുന്നു. ബോട്ടുജീവനക്കാരനാകാനുള്ള ആഗ്രഹം കാരണം അതിനിടെ ബോട്ട് ലാസ്കർ, സ്രാങ്ക്, സെക്കൻഡ് ക്ലാസ് മാസ്റ്റർ, എൻജിൻ ഡ്രൈവർ, ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ ലൈസൻസുകളും എം റ്റി റ്റി സർട്ടിഫിക്കറ്റും വെങ്കിടേഷ് സ്വന്തമാക്കിയിരുന്നു.

ബോട്ട് ലാസ്കർ തസ്തികയിൽ പിഎസ്‌സി നിയമനം കിട്ടിയ വെങ്കിടേഷ്, വെള്ളിയാഴ്ച രാവിലെ നെടുമുടി സ്റ്റേഷൻ മാസ്റ്റർ മനാഫ് ഖാദറിനു മുന്നിൽ ഒപ്പിട്ടു. ശേഷം മുതിർന്ന ലാസ്കർ സി ബൈജുവിന് ദക്ഷിണ നൽകി പോറ്റമ്മയാകേണ്ട ബോട്ടിൽ പ്രവേശിച്ചു. മാതാപിതാക്കളും സഹോദരനും സാക്ഷികളായി. നിയമന ഉത്തരവു കിട്ടിയപ്പോൾ സുഹൃത്തുക്കൾ മുഖേന എ-47 ബോട്ടിലുള്ള തന്റെ ബന്ധം വെങ്കിടേഷ് ജലഗതാഗത വകുപ്പിനെ അറിയിച്ചു. അതേ ബോട്ടിൽ ജോലിക്കാരനാകാനുള്ള വെങ്കിടേഷിന്റെ ആഗ്രഹത്തിന് ജലഗതാഗത വകുപ്പ് എം ഡി ഷാജി വി നായർ അനുമതി നൽകുകയായിരുന്നു. സഹോദരൻ ഗണേഷ് ബാബു വാട്ടർ മെട്രോയിൽ ബോട്ട് അസിസ്റ്റന്റാണ്. പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നെബിതയാണ് ഭാര്യ.