പത്തിരിയുടെ രുചിയും മൃദുലതയും ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും അതേപടി നിലനിർത്താൻ കഴിയുന്നുവെന്നതാണ് ഫിറോസിന്‍റെ വിജയ രഹസ്യം. 

മാന്നാർ: റമദാൻ ഓരോ ദിനം പിന്നിടുമ്പോഴും മാന്നാറിലെ ഫിറോസിനെ തേടിയെത്തുന്ന പത്തിരി ആവശ്യക്കാരുടെ എണ്ണവും ഏറി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഫിറോസ് 16 വർഷം മുമ്പാണ് കോയമ്പത്തൂരിൽ നിന്നും പത്തിരി മെഷീൻ എത്തിച്ച് നിർമ്മാണം ആരംഭിച്ചത്. പത്തിരിയുടെ രുചിയും മൃദുലതയും ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും അതേപടി നിലനിർത്താൻ കഴിയുന്നുവെന്നതാണ് ഫിറോസിന്‍റെ വിജയ രഹസ്യം. 

മെഷീനിലാണ് നിർമ്മാണമെങ്കിലും അടുക്കി എണ്ണിത്തിട്ടപ്പെടുത്തി ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം പൊതിഞ്ഞ് നൽകാനായി ഒരു പെൺപട തന്നെ ഫിറോസിനൊപ്പമുണ്ട്. ഇതിന് പുറമേ ഇഫ്താറിന്റെ പ്രത്യേക വിഭവങ്ങളായ മലബാറിന്‍റെ രുചി പേറുന്ന ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കായ്പോള, ഏലാഞ്ചി എന്നിവയോടൊപ്പം കട്ലറ്റ്, സമൂസ എന്നിവയും ഉണ്ടാക്കുന്നുണ്ട്. പട്ടരുമഠത്തിൽ കല്യാണിയും കവറാട്ട് ഇന്ദിരാമ്മയും പുത്തൻപുരയിൽ ഹൗലത്തും ലൈലാ ബീവിയുമുൾപ്പെട്ട ഇരുപതോളം ജോലിക്കാരാണ് അതിരാവിലെ മുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. 

ലാഭത്തെക്കാളുപരി ഇരുപതിലധികം കുടുംബങ്ങൾക്ക് അത്താണിയാകുവാൻ കഴിയുന്നതിലുള്ള സന്തോഷമാണ് തനിക്കുള്ളതെന്ന് മാന്നാർ അറേബ്യൻ ഗ്രിൽസ് ഭക്ഷണശാലയുടെ ഉടമ കൂടിയായ നാഥംപറമ്പിൽ ഫിറോസ് പറയുന്നു. ഭാര്യ ഷൈലാ ബീവിയും മക്കളായ ആമിനയും ആയിഷയും അൽഅമീനും ഫിറോസിന് കരുത്ത് പകർന്ന് ഒപ്പമുണ്ട്. 

ഇത് ഒന്നൊന്നര ആന, ഇടയില്ല, പാപ്പാനും കൂച്ചുവിലങ്ങും വേണ്ട; നെയ്യാറ്റിൻകരയിൽ ഇനി ദേവീദാസന്‍റെ ആറാട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം