നിറയെ ഹോളോബ്രിക്‌സുമായി പോവുകയായിരുന്ന ലോറി കയറ്റത്തില്‍ നിന്ന് പോവുകയും നിയന്ത്രണം വിട്ട് പിറകിലേക്ക് ഇറങ്ങുകയുമായിരുന്നു.


കോഴിക്കോട്: കയറ്റം കയറുന്നതിനിടയില്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. കോഴിക്കോട് പെരിങ്ങളത്ത് നടന്ന അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കൈക്ക് നിസ്സാര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് നാട്ടുകാര്‍ക്ക് വഴിമാറിപ്പോയ ദുരന്തത്തെക്കുറിച്ച് ബോധ്യമായത്.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വെള്ളിപറമ്പ്-മെഡിക്കല്‍ കോളേജ് റൂട്ടില്‍ സിഡബ്ല്യുആര്‍ഡിഎമ്മിനടുത്തുള്ള കയറ്റത്തില്‍ വച്ചാണ് അപകടമുണ്ടായത്. നിറയെ ഹോളോബ്രിക്‌സുമായി പോവുകയായിരുന്ന ലോറി കയറ്റത്തില്‍ നിന്ന് പോവുകയും നിയന്ത്രണം വിട്ട് പിറകിലേക്ക് ഇറങ്ങുകയുമായിരുന്നു.

പിന്നാലെ എത്തിയ യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണുപോയ യുവതി അദ്ഭുതകരമായാണ് ലോറിക്കടയില്‍പ്പെടാതെ രക്ഷപ്പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം