വ്ലോഗർ ശാലു പേയാട് തൻ്റെ വീട് ലോണെടുത്ത് നിർമ്മിച്ചതാണെന്നും എംഎൽഎയുടെ പ്രചാരണത്തിൽ തെറ്റായി ഉപയോഗിച്ചെന്നും വാദിച്ചു. എന്നാൽ, ഇത് ലൈഫ് പദ്ധതിയിലെ വീടാണെന്ന് വാർഡ് മെമ്പർ രേഖകൾ സഹിതം തെളിയിച്ചു. ശാലുവിൻ്റെ അമ്മയും ഇത് സർക്കാർ പദ്ധതിയാണെന്ന് സ്ഥിരീകരിച്ചതോടെ വിവാദം പുതിയ വഴിത്തിരിവിലെത്തി.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രാചാരണം അവസാനഘട്ടത്തിലേക്കെത്തുമ്പോൾ ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിനെ ചൊല്ലി വിവാദം. കാട്ടാക്കട ഐ.ബി. സതീഷ് എംഎൽഎയുടെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന പ്രചാരണ പുസ്തകത്തിൽ സ്വന്തം വീടിന്‍റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ഗൃഹനാഥനും വ്ലോഗറുമായി ശാലു പേയാട് രംഗത്തെത്തിയതാണ് വിവാദമായത്.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ വീടിന്‍റെ ചിത്രമാണ് എംഎൽഎയുടെ പദ്ധതി വഴി നൽകിയെന്ന വീടാണെന്ന് പ്രചാരണത്തിന് ഉപയോഗിച്ചത്. എന്നാൽ തന്‍റെ വീട് 10 ലക്ഷം ബാങ്ക് ലോണെടുത്ത് നിർമ്മിച്ചതാണെന്നുമാണ് ശാലുവിന്‍റെ അവകാശവാദം. പറ്റുമെങ്കിൽ എംഎൽഎയും പാർട്ടിക്കാരും പി.ആർ ടീമും ചേർന്ന് പിരിവെടുത്ത് ലോണടച്ച് സഹായിക്കണമെന്നും ശാലു പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ശാലു വ്ലോഗും ചെയ്തിരുന്നു.

വ്ലോഗ് വൈറലായതോടെ മറുപടിയുമായി പ്രാദേശിക സിപിഎം നേതൃത്വം രംഗത്തെത്തുകയും നിലവിൽ ശാലുവിന്‍റെ അമ്മയും സഹോദരനും താമസിക്കുന്ന വീട് ലൈഫ് പദ്ധതിയാണെന്ന് രേഖകൾ സഹിതം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ശാലുവിന്‍റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ വിൻസി രംഗത്തെത്തിയത്. ഇത് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടാണെന്ന് മെമ്പർ വ്യക്തമാക്കി. പിന്നാലെ സിപിഎം സൈബർ ടീം ശാലുവിന്‍റെ അമ്മയുടെ പ്രതികരണവും പുറത്തുവിട്ടു. ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകിയ പ്രകാരം ലഭിച്ച വീടാണെന്നും സർക്കാരിനോട് നന്ദി അറിയിക്കുകയാണെന്നും അമ്മ സുഗുണ പറഞ്ഞു.

എംഎൽഎ വിഷയത്തിൽ ആത്മാർഥമായി സഹകരിച്ചെന്നും അമ്മ പറയുന്നു. വിവാദത്തിൽ അമ്മയുടെ പ്രതികരണം വഴിത്തിരിവായതോടെ പഞ്ചായത്തും സർക്കാരും കേന്ദ്ര സർക്കാരും ചേർന്നുള്ള പദ്ധതി വഴി ലഭിച്ച വീടാണെന്നും എംഎൽഎയുടെ പദ്ധതിയല്ലെന്നും ശാലു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. നാല് ലക്ഷമാണ് പദ്ധതി വഴി ലഭിച്ചത് ബാക്കി ആറ് ലക്ഷത്തോളം ലോണെടുത്താണ വീട് നിർമിച്ചതെന്നും ശാലു പറയുന്നു. പാർട്ടിക്കാർ നേരത്തെ അമ്മയുടെ വീഡിയോ എടുത്തതാണെന്നും തന്‍റെ വീഡിയോ വൈറലായതോടെ കുടുംബത്തിന് ബുദ്ധിമുട്ടാകുമെന്ന് കരുതി ഡിലീറ്റ് ചെയ്തെന്നും ശാലു പറഞ്ഞു. എംഎൽഎയുടെ വികസന രേഖയുമായി ബന്ധപ്പെട്ട തർക്കം ഇതിനോടകം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.