പൊലീസ് യൂണിഫോമിനുള്ളിലെ കഠിനമായ ജോലിസമ്മർദ്ദങ്ങൾക്കിടയിൽ ചെറിയൊരു ഇടവേള തേടി വടക്കാഞ്ചേരി പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ മൂന്നാർ യാത്ര ശ്രദ്ധേയമാകുന്നു.
തൃശൂർ: പൊലീസ് യൂണിഫോമിനുള്ളിലെ കഠിനമായ ജോലിസമ്മർദ്ദങ്ങൾക്കിടയിൽ ചെറിയൊരു ഇടവേള തേടി വടക്കാഞ്ചേരി പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ മൂന്നാർ യാത്ര ശ്രദ്ധേയമാകുന്നു. ഡ്യൂട്ടിക്കിടയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ വിനോദയാത്രയ്ക്ക് അനുമതി തേടിയ ഉദ്യോഗസ്ഥർക്ക് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അനുമതി നൽകിയതോടെയാണ് ഈ വേറിട്ട യാത്ര യാഥാർത്ഥ്യമായത്. സേനാംഗങ്ങളിൽ ഒരാൾ സുഹൃത്തുക്കളുടെ വിനോദയാത്ര ഫോട്ടോകൾ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരമൊരു ആശയത്തിലേക്ക് സ്റ്റേഷനിലെ സഹപ്രവർത്തകരെ എത്തിച്ചത്. തിരക്കിട്ട ഡ്യൂട്ടിക്കിടയിൽ പല നല്ല നിമിഷങ്ങളും നഷ്ടപ്പെടുന്നത് സേനാംഗങ്ങൾക്കിടയിൽ ചർച്ചയായി. സബ് ഇൻസ്പെക്ടർമാരായ ഹരിഹരസൂനുവും ബദറുദ്ദീനും ഈ ആശയം ഇൻസ്പെക്ടർ വി.എസ്. മുരളീധരന് മുന്നിൽ അവതരിപ്പിച്ചു.
അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. സന്തോഷ് മുഖേന ലഭിച്ച അപേക്ഷ പരിഗണിച്ച സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ.പി.എസ്, സ്റ്റേഷൻ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ഒരു ദിവസത്തെ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. മൂന്നാർ, മാങ്കുളം എന്നീ സ്ഥലങ്ങൾ ഒരു ദിവസം കൊണ്ട് സന്ദർശിച്ച ഉദ്യോഗസ്ഥർ ഏറെ ആവേശത്തോടെയാണ് തിരിച്ചെത്തിയത്. സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് പല യാത്രകളും പോയിട്ടുണ്ടെങ്കിലും, സഹപ്രവർത്തകർക്കൊപ്പം ഔദ്യോഗിക അനുമതിയോടെ നടത്തിയ ഈ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസ്സുകൾക്കോ പരിശീലനങ്ങൾക്കോ നൽകാൻ കഴിയാത്തത്ര വലിയൊരൂ ആശ്വാസമാണ് ഈ ഒറ്റദിവസത്തെ യാത്ര തങ്ങൾക്ക് നൽകിയതെന്ന് പലരും അഭിപ്രായപ്പെട്ടു.

