വർഷങ്ങളായി ഒരു പാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരു നാട്; ആയിരക്കണക്കിനാളുകളുടെ സ്വപ്നം
അക്കരയ്ക്ക് നടന്നു പോകാനൊരു പാലം. കഷ്ടിച്ച് ബൈക്കും സൈക്കിളും കടന്നു പോകും. വാതിലുകൾ കുറെ മുട്ടിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ നാട്ടുകാർ തന്നെ പിരിച്ചെടുത്ത് പണിതത് ആണ് ഈ പാലം
കോട്ടയം: വർഷങ്ങളായി ഒരു പാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കോട്ടയം കുറിച്ചി പാട്ടശ്ശേരിയിലെ നാട്ടുകാർ. പാലം പണിതാൽ ആയിരക്കണക്കിന് ആളുകൾക്ക് കോട്ടയം നഗരത്തിലേക്ക് എളുപ്പത്തിലെത്താൻ കഴിയും. പല തവണ സർക്കാരിനെ സമീപിച്ചെങ്കിലും റവന്യു വകുപ്പിന്‍റെ ചുവപ്പ്നാടയിൽ കുടുങ്ങി കിടക്കുകയാണ് നാട്ടുകാരുടെ വലിയ സ്വപ്നം.
അക്കരയ്ക്ക് നടന്നു പോകാനൊരു പാലം. കഷ്ടിച്ച് ബൈക്കും സൈക്കിളും കടന്നു പോകും. വാതിലുകൾ കുറെ മുട്ടിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ നാട്ടുകാർ തന്നെ പിരിച്ചെടുത്ത് പണിതത് ആണ് ഈ പാലം. വലിയ വാഹനങ്ങൾ കയറുന്ന കോൺക്രീറ്റ് പാലം വന്നാൽ എട്ട് കിലോമീറ്റർ ചുറ്റിയുള്ള യാത്ര നാട്ടുകാർക്ക് ഒഴിവാക്കാം. കോട്ടയത്തേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എളുപ്പത്തിലെത്താനും കഴിയും.
നൂറ് കണക്കിന് വിദ്യാർത്ഥികൾക്കും സഹായമാകും പാലം. നിലവിൽ സ്കൂൾ ബസുകൾ പോലും എത്താത്ത അവസ്ഥയാണ്. പാലം പണിയുന്നതിനായി ക്നാനായ സഭ ഭൂമി വിട്ട് നൽകിയതാണ്. പക്ഷേ റെവന്യു വകുപ്പ് ഈ ഭൂമി പോക്കുവരവ് ചെയ്ത് നൽകിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അടക്കം പലതവണ നടപടികൾ വേഗത്തിലാക്കാൻ ശ്രമം നടത്തി, ഫലമുണ്ടായില്ലെന്നാണ് മാത്രം. പലവിധത്തിലുള്ള ന്യായങ്ങളാണ് റെവന്യു വകുപ്പ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം