ഇടുക്കി: ഇടുക്കിയിലെ അണക്കെട്ടുകളിൽ ഇനി മുതൽ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും. ഡാം തുറക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്ന സൈറണുകളുടെ ട്രയൽ റൺ നടത്തി. 

ഡാം തുറക്കുന്ന സാഹചര്യങ്ങളിൽ ഇനി മുതൽ ഇടുക്കിയിലെ വിവിധ അണക്കെട്ടുകളിൽ നിന്ന് സൈറണ് മുഴങ്ങും. ഡാമിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ വരെ സൈറണ് ശബ്ദം കേൾക്കാമെന്നാണ് ഡാം സുരക്ഷാ അതോറിറ്റി അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ ചെറുതോണി ഡാം തുറന്നപ്പോൾ മതിയായ മുന്നറിയിപ്പ് കൊടുത്തില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. ഇതോടെയാണ് ഡാമുകളിലെല്ലാം സൈറണ് സ്ഥാപിക്കാൻ തീരുമാനമായത്. 

അതേസമയം, ട്രയൽ റണ് നടത്തിയപ്പോൾ ചെറുതോണി ഡാമിന് ഒന്നര കിലോ മീറ്റർ മാത്രം അകലെയുള്ള ചെറുതോണി പട്ടണത്തിൽ പോലും ശബ്ദം കേട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സൈറണ് ശബ്ദം സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.