'മെഷീനും വസ്ത്രങ്ങളും ചിതറിപ്പോയി'; കാരശ്ശേരിയിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീൻ പെട്ടെന്ന് പൊട്ടിതെറിച്ചു. സമീപത്ത് ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മുക്കം കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. നാല് വർഷം പഴക്കമുള്ള ഗോദ്റെജ് കമ്പനിയുടെ സെമി ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷിനാണ് പൊട്ടിത്തെറിച്ചത്.
മെഷിനും അലക്കാനിട്ട വസ്ത്രങ്ങളും സ്ഫോടനത്തിൽ ചിതറിപ്പോയി. വയറിലെ ഷോട്ട് സർക്യൂട്ടായിരിക്കാം കാരണമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. പൊട്ടിത്തെറിയിൽ വയറുകളും പൈപ്പുകളും നശിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണംതേടി വാഷിംഗ് മെഷീൻ കമ്പനി അധികൃതരെ ബന്ധപെടാൻ ഒരുങ്ങുകയാണ് വീട്ടുകാർ.
Read more: 'കാമറയില്ല, ഡ്രൈവിങ് അറിയില്ലെങ്കിലും കാശ് കൊടുത്താൽ ലൈസൻസ്'; ഓപ്പറേഷൻ സ്റ്റെപ്പിനിയുമായി വിജിലൻസ്
അതേസമയം, സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍നിന്ന് വയോധികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പട്ടിക്കാട് സിറ്റി ഗാര്‍ഡനില്‍ കണ്ണീറ്റുകണ്ടത്തില്‍ കെ.ജെ. ജോസഫിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്നുള്ള മേശയിന്‍മേലാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്നത്. ഫോണ്‍ പൊട്ടിത്തെറിക്കുന്ന സമയത്ത് ജോസഫ് അടുത്തുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ജോസഫും ഭാര്യയും കൊച്ചുമകളുമാണ് വീട്ടില്‍ താമസിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ബാറ്ററി ചാര്‍ജ് കുറഞ്ഞതിനെ തുടര്‍ന്ന് ചാര്‍ജില്‍ ഇട്ടിരുന്ന ഫോണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളി പടര്‍ന്നെങ്കിലും കണക്ഷന്‍ വിച്ഛേദിച്ച് വെള്ളമൊഴിച്ച് തീ അണച്ചു. ഏഴുമാസം മുമ്പ് പതിനായിരം രൂപയ്ക്ക് ഓണ്‍ലൈനിലാണ് ഷവോമി കമ്പനിയുടെ ഫോണ്‍ ജോസഫ് വാങ്ങിയത്. പിന്നീട് അസാധാരാണമായി ചൂട് പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തൃശൂരിലുള്ള കമ്പനിയുടെ സര്‍വീസ് സെന്ററില്‍ തന്നെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്നു.
