അരുവിക്കര നിന്നും മണ്‍വിള ടാങ്കിലേക്കുള്ള ശുദ്ധജല വിതരണ ലൈനില്‍ അമ്പലമുക്ക് വൈയലിക്കര റോഡിലൂടെ പോകുന്ന പൈപ്പിലാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ചോര്‍ച്ച കണ്ടെത്തിയത്. 

തിരുവനന്തപുരം: തലസ്ഥാനത്ത് ശുദ്ധജല വിതരണ ലൈനിലുണ്ടായ തകരാറ് പരിഹിക്കുന്നതിനുള്ള പണികള്‍ പുരോഗമിക്കവേയാണ് നഗരത്തില്‍ ശുദ്ധജല വിതരണം മുടങ്ങിയത്. ഇന്ന് വൈകീട്ടോടെ അറ്റകുറ്റപണികള്‍ തീര്‍ത്ത് ശുദ്ധ ജല വിതരണം വീണ്ടും തുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. അരുവിക്കര നിന്നും മണ്‍വിള ടാങ്കിലേക്കുള്ള ശുദ്ധജല വിതരണ ലൈനില്‍ അമ്പലമുക്ക് വൈയലിക്കര റോഡിലൂടെ പോകുന്ന പൈപ്പിലാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ചോര്‍ച്ച കണ്ടെത്തിയത്. തകരാറ് പരിഹരിക്കുന്നതിനായി ഇതുവഴിയുള്ള ജലവിതരണം നിര്‍ത്തിവച്ചതിനാല്‍ രണ്ട് ദിവസമായി പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടിലാണ്. കേശവദാസപുരം, നാലാഞ്ചിറ പരുത്തിപ്പാറ, ശ്രീകാര്യം, പൗഡ്രിക്കോണം, കഴക്കൂട്ടം, ആക്കുളം തുടങ്ങി ഇരുപതിലധികം പ്രദേശത്താണ് ശുദ്ധ ജല വിതരണം മുടങ്ങിയത്. 

ഈ പ്രദേശങ്ങളിലെല്ലാം പൈപ്പ് ലൈന്‍ വെള്ളമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് ദിവസമായി ശുദ്ധജല വിതരണം മുടങ്ങിയിട്ടും അതിനൊരു പരിഹാരം കാണാന്‍ അധികാരികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ന് വൈകീട്ടോടെ പൈപ്പിലെ തകരാറ് പരിഹരിച്ചാല്‍ മാത്രമേ ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭിക്കുകയൊള്ളൂ. ബുധനാഴ്ച വൈകീട്ടോടെ ചോര്‍ച്ച പരിഹരിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. ചോര്‍ച്ച സംഭവിച്ചിരിക്കുന്നത് കോണ്‍ക്രീറ്റ് ടാങ്കര്‍ ബ്ലോക്കിനായതിനാല്‍ മറ്റ് പൈപ്പുകള്‍ക്ക് കേടുപാട് സംഭവിക്കാതെ സൂക്ഷമായി വേണം പൈപ്പിലെ ചോര്‍ച്ച് അടയ്ക്കേണ്ടത്. ഇതിനാലാണ് പണി വൈകുന്നതെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍, ഇത്രയും ദിവസം ജലവിതരണം മുടങ്ങിയിട്ടും ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുന്നത് അടക്കമുള്ള യാത്രൊരു ബദല്‍ മാര്‍ഗ്ഗങ്ങളും കണ്ടെത്താന്‍ വാട്ടര്‍ അതോറിറ്റിക്കോ നഗരസഭയ്ക്കോ കഴിഞ്ഞിട്ടില്ല. 

YouTube video player