ചാരുംമൂട്: കെഐപി കനാൽ കവിഞ്ഞൊഴുകി ആദിക്കാട്ടുകുളങ്ങര, പാലമേൽ, നൂറനാട്, ചുനക്കര പ്രദേശങ്ങളിൽ കൃഷി നാശമുണ്ടായി. കനാല്‍ കര കവിഞ്ഞതോടെ വീടുകളിലേക്ക് വെള്ളം കയറി. ഉളവുക്കാട് ആശ്രമം -മറ്റപ്പള്ളി റോഡിൽ കൂടി അതിശക്തമായിട്ടാണ് വെള്ളം ഒഴുകുന്നത്. പാറ കനാൽ ജങ്ഷൻ - ഓലേപ്പറമ്പു റോഡിലെ തച്ചന്റെ മുക്കിനു തെക്കുഭാഗം റോഡും പറമ്പും വെള്ളത്തിനടിയിലായി.

ഇവിടെ പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. കെപി റോഡിലെ നൂറനാട് ആശാൻ കലുങ്ക് ജങ്ഷനു കിഴക്ക് ഹിദയത്തൂൾ ഇസ്ലാം ജമാഅത്ത് മദ്രാസയുടെ പുറകുവശവും സമീപത്തെ അഞ്ചോളം വീടുകളും ഗതിമാറി ഒഴുകിയെത്തുന്ന കനാൽ വെള്ളം മൂലം തകർച്ചയുടെ വക്കിലാണ്. രണ്ടു വീടുകളുടെ അടിഭാഗത്തു കൂടി കടക്കുന്ന വെള്ളം മറുവശത്തേക്ക് ഒഴുകിയെത്തുന്നു. ചുനക്കര വലിയവിളയിൽ ജങ്ഷനിലെ സബ് കനാൽ കവിഞ്ഞൊഴുകി സമീപത്തുള്ള വീടുകളിലേക്ക് വെള്ളം കയറി. കനാൽ തുറന്നു വിടുന്നതിനു മുന്നോടിയായി  വേണ്ട ക്രമീകരണങ്ങൾ നടപ്പിലാക്കാത്തതാണ് കനാൽ കരകവിഞ്ഞ് ഒഴുകുവാൻ കാരണം.

ആദിക്കാട്ടുകുളങ്ങര മുതൽ പടിഞ്ഞാറ് വള്ളികുന്നം വരെയുള്ള മെയിൻ കനാലിൽ നിന്ന് നിരവധി ഉപകനാലുകളാണ് പാലമേൽ, നൂറനാട്,ചുനക്കര ,താമരക്കുളം,വള്ളികുന്നം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നത്.  കനാൽ തുറന്നിട്ടു ആഴ്ച രണ്ടായിട്ടും ഗതി മാറി ഒഴുകുന്ന വെള്ളത്തിന്റെ നിയന്ത്രണം സാധാരണ നിലയിലാക്കാൻ കെ.ഐ.പി യുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടായില്ല. കിഴക്കൻ വെള്ളത്തിന്റെ അളവ് കുറച്ചാൽ സബ് കനാലിന്റെ പരിസരത്തുള്ള വീടുകളിൽ വെള്ളം കയറാതിരിക്കും. ഇതിനായുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.