ശാലിനിയുടെ ഭര്‍ത്താവ് ബാലനെ കഴിഞ്ഞ ഇരുപത്തിയാറാം തീയതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കല്‍പ്പറ്റ: ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വെള്ളമുണ്ട എരിച്ചനകുന്ന് കോളനിയിലെ ശാലിനിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ശാലിനിയുടെ ഭര്‍ത്താവ് ബാലനെ കഴിഞ്ഞ ഇരുപത്തിയാറാം തീയതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭാര്യയെ ആക്രമിച്ചതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. 

ശാലിനിക്ക് നേരെയുണ്ടായ വധശ്രമത്തിൽ വെള്ളമുണ്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ബാലനെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ബാലനെ വീടിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ശാലിനിയുടെ മരണം. 

ബാലന്റെ ആക്രമണത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ശാലിനിയെ ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് വിധഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുവരികയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Read More : അഞ്ചുലക്ഷം ഫോണ്‍കോളുകളും 150 സിസിടിവികളും പരിശോധിച്ചു, നാടിനെ നടുക്കിയ പനമരത്തെ ഇരട്ടക്കൊല: വിചാരണ തുടങ്ങുന്നു

അതിനിടെ വയനാട്ടിൽ വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (55) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച് അവശ നിലയിൽ കൃഷിയിടത്തിൽ കണ്ടെത്തിയ ദേവസ്യയെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ കടബാധ്യയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കും വേണ്ടിയായിരുന്നു കടമെടുത്തത്.