ചെറിയ ചരക്കുവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പോലും വലിയ കുലുക്കവും പാലത്തില്‍ നിന്നാല്‍ അനുഭവപ്പെടാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

സുല്‍ത്താന്‍ബത്തേരി: വര്‍ഷങ്ങളോളം കാത്തിരുന്ന് ലഭിച്ച പുതിയ പാലം പഞ്ചവടിപാലമാകുമോ എന്ന ആശങ്കയിലാണ് മീനങ്ങാടി പാതിരിപ്പാലത്തെ നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ പാതിരിപ്പാലത്ത് പുതിയ പാലം തുറന്നുകൊടുത്തത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പാലത്തിന്റെ ഉപരിതലത്തിലെ സിമന്റ് അടര്‍ന്നുമാറുകയായിരുന്നു. മേല്‍ഭാഗത്തെ സിമന്റ് മാത്രമായിരിക്കും അടര്‍ന്നുപോരുന്നതെന്നായിരുന്നു നാട്ടുകാര്‍ ആശ്വാസിച്ചത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മെറ്റലടക്കം പൊളിഞ്ഞ് വാര്‍ക്കയ്ക്കായി ഉപയോഗിച്ച കമ്പിക്കൂടും പുറത്ത് കാണാനായി. 

ചെറിയ ചരക്കുവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പോലും വലിയ കുലുക്കവും പാലത്തില്‍ നിന്നാല്‍ അനുഭവപ്പെടാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. നാട്ടുകാരുടെ പ്രതിഷേധം കണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി എത്തി സമരം തുടങ്ങി. ഇത് ദേശീയപാത ഉപരോധിക്കുന്നതിലേക്ക് വരെ നീങ്ങി. 2022 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലായിരുന്നു പാലം നിര്‍മാണത്തിലെ അപാകതയാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ പാലത്തിന്റെ മേല്‍ഭാഗം പൂര്‍ണമായും പൊളിച്ചുമാറ്റി അറ്റകുറ്റപ്പണി നടത്തുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചിരുന്നു. 

ഉപരോധ സമരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ നാട്ടുകാര്‍ക്കാണ് രേഖാമൂലം ഉറപ്പ് നല്‍കിയത്. എന്നാല്‍ സമരവും പ്രതിഷേധവുമൊക്കെ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പാലത്തിലെ കുഴികള്‍ കുറ്റമറ്റ രീതിയില്‍ അടക്കാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. മീനങ്ങാടി ഭാഗത്ത് നിന്നുള്ള ഇറക്കം കഴിഞ്ഞാല്‍ വലിയ വാഹനങ്ങളടക്കം നേരെ വന്ന് പാലത്തിലെ കുഴികളില്‍ ചാടുകയാണ്. ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മറ്റു പാലങ്ങള്‍ക്കൊന്നുമില്ലാത്ത കുലുക്കം അനുഭവപ്പെടുന്നതായാണ് പരാതി. മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും ഇതാണ് സ്ഥിതിയെങ്കില്‍ ഇനി എവിടെ പരാതി നല്‍കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. 

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഒരു തവണ ദേശീയ പാത അധികൃതരെത്തി സ്ലാബിലെ കുഴി ടാര്‍ ഉപയോഗിച്ച് അടക്കാന്‍ ശ്രമിച്ചിരുന്നു. പാലത്തിന്റെ മേല്‍ഭാഗം പൂര്‍ണമായി പൊളിച്ച് പുനര്‍നിര്‍മിക്കുമെന്നൊക്കെ മാസങ്ങള്‍ക്ക് മുമ്പ് തട്ടിവിട്ട ഉദ്യോഗസ്ഥരെ പിന്നീട് ഈ വഴിക്ക് കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നുത്. അപ്രോച്ചിന്റെ റോഡിന്റെ പാലത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് രണ്ടു വര്‍ഷത്തിലേറെ സമയമെടുത്തെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പഴയ പാലം നിലനിര്‍ത്തി ഇതിന് സമീപത്ത് തന്നെയായിരുന്നു പുതിയ പാലത്തിന്റെ നിര്‍മാണം. പ്രത്യേകിച്ച് ഉദ്ഘാടനമൊന്നും നടന്നില്ലെങ്കിലും പാലം ഇപ്പോള്‍ വാഹനയാത്രക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതായി ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Read More : കരുതൽ തടങ്കല്‍, കനത്ത പൊലീസ് സുരക്ഷ; എന്നിട്ടും രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം