Asianet News MalayalamAsianet News Malayalam

നാടിനെ വിറപ്പിച്ച് 'മുട്ടിക്കൊമ്പൻ'; തുരത്താൻ ഒരുങ്ങി 'ഉണ്ണികൃഷ്ണനും കുഞ്ചുവും', കാട്ടാന താത്തൂർ വനമേഖലയിൽ

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ജനവാസ കേന്ദ്രത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

wayanad wild elephant attack mission muttikomban continues
Author
First Published Apr 10, 2024, 12:51 AM IST

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് വള്ളുവാടി മേഖലയിലെ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമിറങ്ങി ഭീതി വിതക്കുന്ന മുട്ടിക്കൊമ്പനെന്ന ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങള്‍ രണ്ടാം ദിവസവും ഫലം കണ്ടില്ല. മുത്തങ്ങ ആനപന്തിയിലെ ഉണ്ണികൃഷ്ണന്‍, കുഞ്ചു എന്നീ കുങ്കി ആനകളുടെ സഹായത്തോടെയാണ് ആര്‍.ആര്‍.ടി സംഘം കുറിച്ച്യാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മുട്ടിക്കൊമ്പനെ ഉള്‍വനത്തിലേയ്ക്ക് കടത്തി വിടാനുള്ള ദൗത്യം തുടരുന്നത്.

കഴിഞ്ഞ ദിവസം വടക്കനാട് കല്ലൂര്‍ക്കുന്ന് ഭാഗത്താണ് മുട്ടിക്കൊമ്പന്റെ സാന്നിധ്യം ഉണ്ടായിരുന്നത്. ഇന്നലെ ഈ മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ആന താത്തൂര്‍ ഭാഗത്തേയ്ക്ക് നീങ്ങുകയായിരുന്നു. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി കര്‍ണാടക വനമാണ്. താത്തൂര്‍ ഭാഗത്ത് നിലയുറപ്പിച്ച ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മേഖലയില്‍ ഇടതൂര്‍ന്ന് വലിയ മുള്‍ച്ചെടികളാണ്. കുങ്കി ആനകളുടെ പുറത്തിരുന്നാല്‍ പോലും ഈ മുള്‍ച്ചെടികള്‍ വലിയ ഭീഷണിയായതിനാല്‍ മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. ആന ഈ മേഖലയില്‍ നിന്ന് മാറിയാല്‍ തുരത്താനാണ് നീക്കം. മുട്ടിക്കൊമ്പനെ ഉള്‍വനത്തിലേയ്ക്ക് തുരത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ദൗത്യസംഘം വ്യക്തമാക്കി.

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. എങ്കിലും വളരെ പെട്ടന്ന് തന്നെ ജനവാസ കേന്ദ്രത്തിലേക്ക് ആനക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രദേശത്തെ ജനങ്ങള്‍ പറയുന്നത്.

'പ്രവാസിയുടെ ബന്ധുവോ, സുഹൃത്തോ ആണോ? ഒരു കോൾ വരാൻ സാധ്യത', ജാഗ്രത പാലിക്കണമെന്ന് പൊലീസ് 
 

Follow Us:
Download App:
  • android
  • ios