'ഇതിലൊന്നും നിങ്ങൾ തെരഞ്ഞെടുത്തവരുടെ മിടുക്ക് പോയിന്റ് സീറോ സീറോ വൺ ശതമാനം പോലും ഇല്ല', ഗുരുവായൂർ മേൽപാലത്തിൽ സുരേഷ് ഗോപി
ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാലത്തിന്റെപണി വൈകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് സുരേഷ് ഗോപി. റെയിൽവേ ട്രാക്കിന് മുകളിലെ ഗാർജന്റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം .ഇത് റെയിൽവേ പൂർത്തീകരിക്കുന്നത് റെക്കോർഡ് വേഗതയിലാണ്. അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതാണ് റെയിൽവേയുടെ പണി വൈകാൻ കാരണം. അപ്രോച്ച് റോഡുകളുടെ പണി പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമാണ് റെയിൽവേയ്ക്ക് അവരുടെ വർക്ക് ചെയ്യാൻ സാധിക്കുക.
അപ്രോച്ച് റോഡുകളുടെ പണി പുരോഗമിച്ച സമയത്ത് ഗുരുവായൂരിലെ മേൽപ്പാല സമരസമിതിക്കാർ അറിയിച്ചപ്പോൾ തന്നെ റെയിൽവേയുമായി ബന്ധപ്പെട്ട് വർക്ക് വേഗത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ റെയിൽവേയുടെ ജോലികൾ കഴിഞ്ഞാലും സംസ്ഥാന സർക്കാർ ചെയ്യേണ്ട മേൽപ്പാലത്തിന്റെ ജോലികൾ പൂർത്തിയാവാത്ത അവസ്ഥയിലാണ്. ഈ വസ്തുതകൾ അറിഞ്ഞിട്ടും ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കള്ളം പ്രചരിപ്പിക്കുകയാണ്.
ഗുരുവായൂരിന്റെ വികസനത്തിന് വേണ്ടി അമൃത് പ്രസാദ് പദ്ധതികൾ പ്രകാരം കോടികൾ നൽകിയ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തൽ മാത്രമാണ് ചിലരുടെ ജോലിയെന്നും ഈ കുപ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാൻ എന്നെ നിർബന്ധിതനാക്കിയതാണെന്നും സുരേഷ്ഗോപി പറഞ്ഞു.ആദ്യം അവരുടെ പണി തീർത്തിട്ട് നുണ പറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യട്ടെ. നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യാൻ പറ്റും പക്ഷെ അവർ പണി തീർക്കണം. പറഞ്ഞതിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ നേർക്കുനേർ വന്ന് തർക്കിക്കാം. താക്കിതോടെയാണിത് പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെകെ അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചിറമ്പത്ത്, മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ്, സോഷ്യൽ മീഡിയ കൺവീനർ സുമേഷ്കുമാർ എന്നിവരും സുരേഷ്ഗോപിയോടൊപ്പം മേൽപ്പാലം സന്ദർശിച്ചു.
