ഇതെന്താണ് സിനിമയോ? കൊടുവള്ളയിൽ കല്യാണ സംഘത്തിന്റെ ബസിന് നേരെ നടന്നത് ഞെട്ടിക്കുന്ന ആക്രണം

കോഴിക്കോട്: കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിലെ ജീവനക്കാർക്ക് നേരെ ഗതാഗത തടസ്സം ഉണ്ടാക്കി എന്ന കാരണം പറഞ്ഞു കുപ്രസിദ്ധ ഗുണ്ടാ സംഘത്തിന്റെ ഞെട്ടിക്കുന്ന ആക്രമണം. വധ ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി ആട് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ്സിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ആക്രമണം നടത്തിയത്. 

കൊടുവള്ളി വെണ്ണക്കോട് എന്ന സ്ഥത്തുവെച്ചാണ് പട്ടാപ്പകല്‍ നാടിനെ നടുക്കുന്നതരത്തില്‍ കൊടും കുറ്റവാളികളുടെ അതിക്രമങ്ങള്‍ അരങ്ങേറിയത്. കല്യാണ ഓഡിറ്റോറിയത്തില്‍ വിവാഹ പാര്‍ട്ടിക്കെത്തിയ ആളുകളെ ഇറക്കിയശേഷം തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിക്കുന്നതിനിടെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ബസ് തിരിക്കുമ്പോൾ ഏതാനും നിമിഷം അതുവഴി പോവുകയായിരുന്ന കാറിന് ഗതാഗത തടസ്സം ഉണ്ടാക്കി എന്നായിരുന്നു പ്രകോപനം.

ദേശീയപാതയില്‍ വെച്ച് ബസിന് മുന്നില്‍ വെളുത്ത കാര്‍ ബ്ലോക്കിട്ടു കയറി. ആക്രോശിച്ച് കാറിൽ നിന്നിറങ്ങിയ കുപ്രസിദ്ധ കുറ്റവാളികളായ ആട് ഷമീറും കൊളവയൽ അസീസും, അജ്മലും ബസ് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കാറില്‍ സൂക്ഷിച്ച നാടന്‍ ബോബ് പോലുള്ള സ്ഫോടക വസ്തു ബസിന് നേരെ എറിഞ്ഞു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. എറിഞ്ഞ സ്ഫോടക വസ്തുക്കളിലൊന്ന് പെട്രോള്‍ പമ്പിന് സമീപമാണ് പതിച്ചത്. പമ്പിലേക്ക് തീ എത്തിയിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. കൂടുതല്‍ നാട്ടുകാർ ഓടിക്കൂടിയതോടെ മൂന്നു പേര്‍ കാറിൽ രക്ഷപ്പെട്ടു. 

അഞ്ചു കിലോമീറ്ററോളം പിന്തുടർന്നാണ് ആട് ഷമീർ, കൊളവയല്‍ അസീസ് എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. നരിക്കുനിക്ക് സമീപം ഇടറോഡില്‍ വാഹനം നിര്‍ത്തിയ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഇറങ്ങി ഓടി. പിന്നാലെ പൊലീസും ഓടുകയായിരുന്നു. പ്രതികള്‍ ഇതിനിടയിൽ നാട്ടുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. സംഘത്തിലെ അമല്‍ എന്നയാള്‍ ഓടി രക്ഷപ്പെട്ടു. കൈയ്ക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ അജ്മലിനെ അവിടെവെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആട് ഷമീര്‍ കൊളവയല്‍ അസീസ് എന്നിവര്‍ക്കെതിരെ നിരവധി ക്രിമനല്‍ കേസുകളുണ്ട്. കൊടുവള്ളിയില്‍ പ്രവാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. അജ്മലിനെതിരെ 11 കേസുകളുണ്ട്. ക്രിമിനൽ സംഘം ക്വട്ടേഷനോ മറ്റേതെങ്കിലും ഗുണ്ടാ പ്രവര്‍ത്തനത്തിനോ പോവുകയാണെന്നാണ് വിവരം. ഇതിനിടെയാണ് ബസ് ജീവനക്കാരെ മര്‍ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാളെ വിശദമായി ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കും. മര്‍ദനമേറ്റ ബസ് ജീവനക്കാരന്റെ പരിക്ക് സാരമുള്ളതല്ല.

ബൈക്കുകൾ കൂട്ടിമുട്ടി, തൃച്ചാറ്റുകളും ജംഗ്ഷനിൽ മുട്ടൻ തര്‍ക്കം, പൊലീസ് എത്തിയപ്പോൾ കഥ മാറി, കയ്യിൽ ഹെറോയിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം