Asianet News MalayalamAsianet News Malayalam

തെലങ്കാനയിലെ നരച്ച പാടങ്ങളിൽ മുഴങ്ങിയ ഒറ്റ ചിലമ്പിന്റെ താളം, നട്ടെല്ലിൽ വെടിയുണ്ടയുമായി കനൽ ജീവിതം: ഗദ്ദർ

തെലങ്കാനയിലെ നരച്ച പാടങ്ങൾക്കിടയിൽ മുഴങ്ങിയ ഒറ്റ ചിലമ്പിന്റെ താളം, നട്ടെല്ലിൽ വെടിയുണ്ടയുമായി കനൽ ജീവിതം: ഗദ്ദർ

who is Gaddar  Know about Telangana Poet Gaddar ppp
Author
First Published Aug 6, 2023, 8:24 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ നരച്ച പാടങ്ങൾക്കിടയിൽ മുഴങ്ങിയ ഒറ്റ ചിലമ്പിന്റെ താളം. ഒരു ജനതക്കുമേൽ വീഴുന്ന ചാട്ടവാറിന്റെ പെരുക്കങ്ങൾ ഒന്നുവിടാതെ രേഖപ്പെടുത്തിയ കവിത. വിപ്ലവത്തീ തിളച്ചൊഴുകുന്ന ലാവയുടെ ചൂടുള്ള എത്രയോ പാട്ടുകൾ. തെലങ്കാനയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളെ പാട്ടിലൂടെ ആവിഷ്കരിച്ചിരുന്ന ഒറ്റയാൾ പട്ടാളമായിരുന്നു ഗദ്ദർ. 

യഥാർത്ഥനാമം ഗുമ്മാഡി വിട്ടൽ റാവു. 1949 -ൽ ഹൈദരാബാദിനടുത്തുള്ള തുപ്പറാനിൽ  ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കെമിക്കൽ ഫാക്ടറിയിൽ കൂലിത്തൊഴിലായായി ഉപജീവനം കണ്ടെത്തി. അറുപതുകളുടെ അവസാനത്തോടെ നടന്ന ശ്രീകാകുളം കലാപങ്ങളുടെ ഭാഗമായി വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക്. പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ കലാ സാംസ്‌കാരിക ദളമായിരുന്ന ജന നാട്യ മണ്ഡലിക്ക് നേതൃത്വം നൽകി, പരശ്ശതം വിപ്ലവഗീതികൾ ജനപ്രിയമാക്കി. 

മാവോയിസ്റ്റ് പ്രസ്ഥാനങ്ങളോട് തോളോട് തോൾ ചേർന്നുകൊണ്ടുള്ള ആ നടപ്പിന്, ഗദ്ദർ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. 1997 ഏപ്രിൽ ആറിന് സെക്കന്ദരാബാദിലെ സ്വന്തം വസതിക്കടുത്തു വെച്ച് അഞ്ചംഗ അജ്ഞാത സംഘം ഗദ്ദറിനെ വെടിവെച്ചു കൊല്ലാൻ ശ്രമിക്കുന്നു. നാലു വെടിയുണ്ടകൾ ദേഹത്തുനിന്ന് നീക്കം ചെയ്തുവെങ്കിലും, അഞ്ചാമത്തെ ബുള്ളറ്റ് നട്ടെല്ലിൽ കുരുങ്ങി എന്നെന്നേക്കുമായി ഗദ്ദറിന്റെ ദേഹത്ത് ചേക്കേറി. 

പിന്നീടങ്ങോട്ട് ആശുപത്രികൾ കയറിയിറങ്ങിയുള്ള ദുരിതകാലം. 2010 വരെ നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്ന ഗദ്ദർ പിന്നീട് തെലങ്കാനയുടെ സംസ്ഥാന പദവിക്കുവേണ്ടിയുള്ള പ്രസ്ഥാനത്തോട് ചേർന്നു പ്രവർത്തിക്കുന്നു. എന്നാൽ ആ സ്വപ്നം യാഥാർഥ്യമായ  ശേഷം, ടിആർഎസ് ഉൾപ്പെടെ സകല പാർട്ടികളും അതിനുവേണ്ടി ഗദ്ദർ ഒഴുക്കിയ വിയർപ്പിനെ മറന്നു. 

Read more: ഹരിയാന സന്ദർശിക്കാൻ പോയ സിപിഐ സംഘത്തെ പൊലീസ് തടഞ്ഞു, മൂന്നാം ദിവസവും നൂഹിൽ ഇടിച്ചുനിരത്തൽ തുടരുന്നു

വധശ്രമം നടത്തിയവർ നിർബാധം വിഹരിക്കുമ്പോഴും, മാറിമാറി വന്ന ഗവൺമെന്റുകൾ ഗദ്ദറിനെ നിരന്തരം കേസുകൾ കൊണ്ട് വേട്ടയാടി. ഒന്നിനും കീഴടങ്ങാത്ത ആ വിപ്ലവകാരിയെ ഒടുവിൽ ഓർക്കാപ്പുറത്തെത്തിയ മരണം കൂടെക്കൂട്ടി. ദളിതന്റെ കടുംതുടിയും ഇടിമുഴക്കത്തിന്റെ പാട്ടുമായി, ഗദ്ദർ ഇനി കനലോർമ്മ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios