കൊച്ചിയിൽ ഒരു മാസത്തിനിടെ ആറ് ക്ഷേത്രങ്ങളിൽ മോഷണം നടന്നു. വെങ്കല വിളക്കുകൾ ഉൾപ്പെടെ മോഷണം പോയ സംഭവങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കൊച്ചി: കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു വ്യാപക മോഷണം. ഒരു മാസത്തിനിടെ ആറ് ക്ഷേത്രങ്ങളിലാണ് കള്ളൻ കയറിയത്. തൃക്കാക്കര കുണ്ടാട്ടുകാവ് ക്ഷേത്രത്തിലാണ് ഒടുവിൽ മോഷണം നടന്നത്.

കളമശ്ശേരി ക്വിസാറ്റ് ക്യാമ്പസിന് സമീപമുള്ള, കുണ്ടാട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് പുലർച്ചെ കള്ളൻ കയറിയത്. 25 കിലോ ഭാരമുള്ള വലിയ കെടാവിളക്ക്, 7 തൂക്കുവിളക്കുകൾ, രണ്ട് കിണ്ടി എന്നിവയാണ് നഷ്ടപ്പെട്ടത്. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് സാധാരണ ഇവിടെ ക്ഷേത്രനട തുറക്കാറുള്ളത്. രാവിലെ ജീവനക്കാർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. മേഖലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളിലായി പല ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്.

പാതിരക്കാട്ട് കാവ്‌, വട്ടേക്കുന്നം മുരുക ക്ഷേത്രം, കളമശ്ശേരി ചുള്ളികാവ് ഭഗവതി ക്ഷേത്രം, കൂനംതൈ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ കള്ളൻ കയറിയിരുന്നു. പലയിടത്തു നിന്നും സമാന രീതിയിൽ വിളക്കുകളും മറ്റും മോഷണം പോയിട്ടുണ്ട്. പ്രതികൾക്ക് വേണ്ടി വ്യാപകമായി തെരച്ചിൽ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാൻ ആയിട്ടില്ല. എല്ലാ മോഷണത്തിനു പിന്നിലും ഒരേ ആളുകൾ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.