ഹോണടിച്ചും മറ്റും ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടന്ന് ആന ഓടിയെത്തി ജീപ്പിന് നേരെയാണ് ആക്രമണം നടത്തിയത്. ജീപ്പിന്‍റെ മുൻ വശം ആന ഇടിച്ച് തകർത്തിട്ടുണ്ട്.
തൃശ്ശൂർ: കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. തുരത്താനെത്തിയ വനംവകുപ്പിന്‍റെ ജീപ്പ് കാട്ടാന തകർത്തു. ഇന്നലെ രാത്രിയിലാണ് കാട്ടാന ഫോറസ്റ്റ് ജീപ്പ് തകർത്തത്. കാട്ടാന ഇറങ്ങിയെന്ന് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എന്നാൽ ആന ജീപ്പിന് നേരെ തിരിയുകയായിരുന്നു. ഇതോടെ വനം വകുപ്പ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി. തലനാരിഴക്കാണ് ഉദ്യോഗസ്ഥർ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഹോണടിച്ചും മറ്റും ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടന്ന് ആന ഓടിയെത്തി ജീപ്പിന് നേരെയാണ് ആക്രമണം നടത്തിയത്. ജീപ്പിന്‍റെ മുൻ വശം ആന ഇടിച്ച് തകർത്തിട്ടുണ്ട്. കഴിഞ്ഞദിവസം വനം വാച്ചർ ബിജുവിനെ ആക്രമിച്ച അതേ സ്ഥലത്ത് തന്നെയാണ് ആന ജീപ്പും തകർത്തത്. ആക്രമണത്തിൽ ബിജുവിന്‍റെ കാലൊടിഞ്ഞിരുന്നു. ബിജു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടാന ഇരുമ്പുപാലം പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണെന്നാണ് വിവരം. ആനയെ കാട് കയറ്റാനുള്ള നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.


