ആക്രമണകാരിയായ ഈ കാട്ടാനാ ചേലമല വനഭാഗത്തേക്ക് പോയെന്നാണ് വിവരം

കൊച്ചി: കോതമംഗലം കൂട്ടിക്കലിൽ കാട്ടാന ആക്രമണം. കൂട്ടിക്കൽ സ്വദേശിനി തങ്കമ്മയ്ക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. എന്നാൽ കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട തങ്കമ്മ ഓടി രക്ഷപ്പെട്ടു. ഇവരുടെ പശുവിനെ കാട്ടാന കുത്തി പരിക്കേൽപ്പിച്ചു. ആക്രമണകാരിയായ ഈ കാട്ടാനാ ചേലമല വനഭാഗത്തേക്ക് പോയെന്നാണ് വിവരം. പ്രദേശത്ത് ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്.

വന്യജീവി ആക്രമണം; വീണ്ടും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി, നടപടികള്‍ വിലയിരുത്താൻ ഈ മാസം 27ന് യോഗം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി വീണ്ടും ഉന്നതതല യോഗം വിളിച്ചു എന്നതാണ്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3.30 ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വനം , ധനകാര്യ , റവന്യൂ , തദ്ദേശ സ്വയംഭരണം , വൈദ്യുതി , ആരോഗ്യം , ജലസേചനം, തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരുമാകും മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിൽ പങ്കെടുക്കുക. വനം - വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ 12 ന് വനം വകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ വന്യജീവി ആക്രമണം നേരിടുന്നതിന് പത്തു മിഷനുകള്‍ തയ്യാറാക്കിയിരുന്നു. വന്യജീവികള്‍ക്ക് കാടിനകത്ത് തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളാണ് തീരുമാനിച്ചത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യും.

അതേസമയം ആറളം ഫാമിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വെള്ളി (80), ഭാര്യ ലീല (72) എന്നിവരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നൽകുക. അവസാന ഗഡുവും വൈകാതെ നൽകും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് ആറളം ഗ്രാമപഞ്ചായത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം