Asianet News MalayalamAsianet News Malayalam

വീടിനുള്ളില്‍ കയറിവരെ ആക്രമണം, ഒന്ന് കണ്ണടയ്ക്കാന്‍ പോലുമാകുന്നില്ല; കാട്ടാന പേടിയില്‍ വിറങ്ങലിച്ച് വയനാട്

ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിരവധി വീടുകളും വാഹനങ്ങളും കാട്ടാന തകർത്തു. ജനവാസ കേന്ദ്രങ്ങളിലൂടെയും പാതയോരങ്ങളിലൂടെയും നിത്യവും കാട്ടാനകൾ വിഹരിക്കുമ്പോള്‍ ജനങ്ങൾ ഭീതിയിലാണ്

wild elephant attack increase in wayanad
Author
Wayanad, First Published Jul 14, 2022, 2:36 AM IST

വയനാട്: കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് രണ്ട് മാസത്തിലേറെയായി പൊറുതിമുട്ടിയിരിക്കുകയാണ് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ. കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുൻപാണ് മേപ്പാടി അരുണമലകോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം വൈത്തിരിയിൽ ചുള്ളികൊമ്പന്‍റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. പുലർച്ചെ വീട്ടിനുള്ളിലേക്ക് കയറിയായിരുന്നു കാട്ടാനയുടെ പരാക്രമം.

ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിരവധി വീടുകളും വാഹനങ്ങളും കാട്ടാന തകർത്തു. ജനവാസ കേന്ദ്രങ്ങളിലൂടെയും പാതയോരങ്ങളിലൂടെയും നിത്യവും കാട്ടാനകൾ വിഹരിക്കുമ്പോള്‍ ജനങ്ങൾ ഭീതിയിലാണ്. രാത്രി വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വനംവകുപ്പിന് സാധിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇപ്പോൾ മുൻപ് കാട്ടാനകളുടെ സാന്നിധ്യമില്ലാത്ത മേഖലകളിൽ പോലും ശല്യം കൂടുന്നുവെന്നാണ് പരാതി.  

വൈത്തിരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ്‌ ശ്രമം തുടങ്ങി

ജനവാസകേന്ദ്രങ്ങളിലെത്തുന്ന ഇവ കണ്ണിൽക്കണ്ട കാർഷികവിളകളെല്ലാം നശിപ്പിക്കുന്നു. ആനകൾ റോഡുകൾ മുറിച്ചുകടക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു. യാത്രികർ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറെ പണിപ്പെട്ട് കാട്ടിലേക്ക് ആനകളെ തുരത്തുന്നുണ്ടെങ്കിലും പുലർച്ചെയോടെ തിരികെയെത്തും. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങളിലേക്കാണ് കൂടുതൽ കാട്ടാനക്കൂട്ടം എത്തുന്നത്. വാച്ചർമാരുടെ കുറവും പ്രതിരോധമാർഗങ്ങളായ ഫെൻസിങ്ങ്, കിടങ്ങുകൾ എന്നിവ തകർന്നതുമാണ് കാട്ടാനകൾക്ക് യഥേഷ്ടം ഗ്രാമങ്ങളിലേക്കെത്താൻ സൗകര്യമൊരുക്കുന്നത്.

പ്രതിരോധമാർഗങ്ങൾ കാര്യക്ഷമമാക്കി കാട്ടാന ശല്യത്തിൽ നിന്ന് സംരക്ഷണം നൽകാനായി നാട്ടുകാർ വനംവകുപ്പധികൃതരെ സമീപിക്കാറുണ്ടെങ്കിലും ശാശ്വതമായ പരിഹാരം കണ്ടെത്താനാവുന്നില്ല. വയനാട് ജില്ലയിലെ പലയിടങ്ങളിലും റോഡും വനം വകുപ്പ് ഓഫീസുകളും ഉപരോധിച്ചുള്ള സമരങ്ങൾ തുടർകഥയാവുകയാണ്.  വന്യമൃഗങ്ങൾ നശിപ്പിച്ച കാർഷിക വിളകൾക്ക് നഷ്ടം പരിഹാരം വൈകുന്നതും പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. കാട്ടാന ശല്യത്തിന് പരിഹാരം കണ്ടെത്താൻ ശാസ്ത്രീയ പ‌ഠനങ്ങൾ വേണമെന്നാണ് ആവശ്യം.

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്

Follow Us:
Download App:
  • android
  • ios