ഒരു കൊമ്പനും പിടിയും രണ്ട് കുട്ടിയാനകളും അടക്കമുള്ള ആനകൂട്ടം പുല്‍മേടിന് സമീപം നിലയുറപ്പിച്ചിരിയ്ക്കുകയായിരുന്നു. സജിയെ കണ്ടതോടെ കൊമ്പനാന പാഞ്ഞടുത്തു

ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയെ പേടിച്ച് കര്‍ഷകന്‍ മരത്തിന് മുകളില്‍ ഇരിപ്പുറപ്പിച്ചത് ഒന്നര മണിക്കൂറോളം. ഇടുക്കി ചിന്നക്കനാല്‍ സ്വദേശിയായ സജിയാണ് പ്രാണരക്ഷാര്‍ത്ഥം മരത്തിന് മുകളില്‍ അഭയം തേടിയത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി കാട്ടാന കൂട്ടത്തെ തുരത്തിയതോടെയാണ് സജിക്ക് രക്ഷപെടാനായത്. ചിന്നക്കനാല്‍ സിങ്ക് കണ്ടത്തെ കൃഷിയിടത്തില്‍ ജോലിക്കായി പോകുന്നതിനിടെയാണ് സജി കാട്ടാന കൂട്ടത്തിന് മുന്‍പില്‍ അകപെട്ടത്.

ഒരു കൊമ്പനും പിടിയും രണ്ട് കുട്ടിയാനകളും അടക്കമുള്ള ആനകൂട്ടം പുല്‍മേടിന് സമീപം നിലയുറപ്പിച്ചിരിയ്ക്കുകയായിരുന്നു. സജിയെ കണ്ടതോടെ കൊമ്പനാന പാഞ്ഞടുത്തു. ഇതോടെ, സമീപത്തെ യൂക്കാലി മരത്തില്‍ സജി കയറുകയായിരുന്നു. ആനകൂട്ടം മരത്തിന് ചുറ്റുമുള്ള പുല്‍മേട്ടില്‍ നിലയുറപ്പിച്ച് മേഞ്ഞ് നടക്കാന്‍ ആരംഭിച്ചതോടെ സജിക്ക് മരത്തിന് മുകളില്‍ നിന്ന് ഇറങ്ങാനായില്ല. പിന്നീട് ഇയാളുടെ നിലവിളി ശബ്‍ദം കേട്ട് നാട്ടുകാര്‍ എത്തുകയും വനം വകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനകൂട്ടത്തെ പുല്‍മേട്ടില്‍ നിന്നും തുരത്തി. ഇതോടെയാണ് സജിക്ക് മരത്തില്‍ നിന്ന് താഴെ ഇറങ്ങാനായത്. കാട്ടാന ശല്യം അതിരൂക്ഷമായ പ്രദേശമാണ് ഇവിടം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാട്ടാന ആക്രമണത്തില്‍ കാല്‍നട യാത്രികന്‍ കൊല്ലപെട്ടിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം മണ്ണാർക്കാട് അമ്പല പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.

അമ്പലപ്പാറ സ്വദേശി സിദിഖിനും മകനുമാണ് പരിക്കേറ്റത്. സിദിഖിന് വാരിയെല്ലിന് പരിക്കേറ്റത്. രാത്രി കൃഷിയിടത്തിൽ കാവലിന് പോയതായിരുന്നു ഇരുവരും. വന്യ മൃ​ഗ ശല്യം ഉളള പ്രദേശമാണിത്. അതുകൊണ്ടാണ് കൃഷി ഇടത്തിലെ കാവൽ പുരയിലേക്ക് ഇവർ പോയത്. എന്നാൽ രാത്രിയോടെ കാവൽമാടത്തിന് അടുത്തെത്തിയ കാട്ടാന ഇരുവരേയും ആക്രമിക്കുകയായിരുന്നു. 

Viral Video: കൂട്ടംതെറ്റിയ കുട്ടിയാനയെ അരികിലെത്തിച്ചു; നന്ദി പറഞ്ഞ് അമ്മയാന; വൈറലായി വീഡിയോ