കാരേരി കോളനിയിലെ വിജയനും കമലാക്ഷിയും ഇപ്പോൾ മകൻ ശരത്തിൻ്റെ തുടർ ചികിത്സയ്ക്കായി പ്രയാസപ്പെടുകയാണ്. സർക്കാറാകട്ടെ അർഹമായ ധനസഹായം പോലും കൈമാറിയിട്ടില്ലെന്നാണ് ആരോപണം.
മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പാക്കം സ്വദേശി പോളിൻ്റെ വീടിന് തൊട്ടടുത്ത് കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായൊരു പതിനാറുകാരനുണ്ട്, പേര് ശരത്. കാരേരി കോളനിയിലെ വിജയനും കമലാക്ഷിയും ഇപ്പോൾ മകൻ ശരത്തിൻ്റെ തുടർ ചികിത്സയ്ക്കായി പ്രയാസപ്പെടുകയാണ്. സർക്കാറാകട്ടെ അർഹമായ ധനസഹായം പോലും കൈമാറിയിട്ടില്ലെന്നാണ് ആരോപണം.
ജനുവരി 28ന് രാത്രിയാണ് ശരത്തിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞത്. മാനന്തവാടി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമായി ചികിത്സ. ഭാഗ്യംകൊണ്ട് ജീവൻ തിരിച്ചുകിട്ടയെങ്കിലും ഒന്നനങ്ങാൻ പോലുമാകാതെ കിടപ്പിലായി. ഓടിച്ചാടി നടക്കേണ്ട പ്രായത്തിൽ എല്ലാത്തിനും അമ്മയും അച്ഛനും കൂട്ടുവേണം. സര്‍ക്കാര്‍ സഹായമായി ലഭിച്ചത് പന്ത്രണ്ടായിരം രൂപ. മകന് പരസഹായം വേണ്ടതിനാൽ വരുമാന മാർഗമായ കൂലിപ്പണിക്ക് പോലു പോകാനാകുന്നില്ല. ഗോത്രവിഭാഗത്തിൽപ്പെട്ട കുടുംബമാണ് ശരത്തിന്റേത്. ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. സ്വപ്നങ്ങളുള്ള വിദ്യാർത്ഥിയാണ്. സർക്കാർ ഒപ്പമുണ്ടാകണം. കരുതൽ അർഹിക്കുന്നുണ്ട് ഈ കുടുംബം.
