ബൈക്കിലുണ്ടായിരുന്ന യുവാക്കൾ ഓടിമാറിയതോടെ ആന പിന്തിരിഞ്ഞു. കുറച്ചുനേരം റോഡിൽ തുടർന്ന ശേഷം പിടിയാന കാട് കയറി.
തൃശ്ശൂർ: അതിരപ്പള്ളിൽ ബൈക്ക് റൈഡർമാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ പെൻ സ്റ്റോക്ക് പൈപ്പിന് സമീപമാണ് സംഭവം. ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആനയെക്കണ്ട് റൈഡർമാർ ബൈക്കിട്ട് പിന്നിലേക്ക് ഓടി രക്ഷപ്പെട്ടു. ബൈക്ക് റൈഡർമാരുടെ പിന്നിലുണ്ടായിരുന്ന കാർ യാത്രികർ ആന ഓടിയെത്തുന്ന ദൃശ്യങ്ങൾ പകർത്തിയിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ബൈക്ക് യാത്രികർക്ക് നേരെ ചിന്നം വിളിച്ച് പിടിയാന പാഞ്ഞടുത്തത്. ബൈക്കിലുണ്ടായിരുന്ന യുവാക്കൾ ഓടിമാറിയതോടെ ആന പിന്തിരിഞ്ഞ് പോകുന്നത് വീഡിയോയിൽ കാണാം. കുറച്ചുനേരം റോഡിൽ തുടർന്ന ശേഷം പിടിയാന കാട് കയറി. ആന പോയ ശേഷമാണ് റൈഡർമാർ ബൈക്കെടുത്തു പോയത്.
കഴിഞ്ഞ ആഴ്ചയും അതിരപ്പള്ളിയിൽ ആനയുടെ ആക്രമണം ഉണ്ടായിരുന്നു. അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെയാണ് കാട്ടന പാഞ്ഞടുത്തത്. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്. ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വെച്ചായിരുന്നു സംഭവം. മലക്കപ്പാറയില്‍നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. റോഡിലിറങ്ങിയ ആനക്കൂട്ടത്തിൽ നിന്നും പിടിയാന കാറിന് നേരെ പാഞ്ഞടുത്തു. ആന വരുന്നത് കണ്ട് കാര്‍ നിർത്തിയിട്ടിരുന്നു. എന്നാൽ കാട്ടാന കാറിന് നേരെ ഓടിയെത്തി. ഇതോടെ ഡ്രൈവർ വാഹനം പിന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.
Read More : 'കേസ് നടത്താൻ പണത്തിന് കഞ്ചാവ് വിൽപ്പന'; തൃശൂരിൽ 100 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം 2 പേർ പിടിയിൽ
