കുറ്റിവാലി സ്വദേശിയായ ഡ്രൈവര്‍ ആന്റണി റിച്ചാര്‍ഡിന്റെ ഓട്ടോ ഓറ്റയാന കുത്തിമലര്‍ത്തിയത്. തുമ്പിക്കൈ കൊണ്ട് ഓട്ടോ ഉയര്‍ത്തിപിടിച്ചശേഷം യുവാവിനെ വലിച്ച് പുറിത്തിട്ടു. തുടര്‍ന്ന് കാല്‍ ഉയര്‍ത്തി ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ തേയിലക്കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയാണ് യുവാവ് രക്ഷപ്പെട്ടത്. 

ഇടുക്കി: കാട്ടാന (Wild elephant) കുത്തിമലര്‍ത്തിയ ഓട്ടോയില്‍ (Autorikshaw) നിന്നും ഡ്രൈവര്‍ (Auto driver) രക്ഷപ്പെട്ടത് തലനാരിഴക്ക്. മൂന്നാര്‍-സൈലന്റ്‌വാലി റോഡില്‍ തിങ്കളാഴ്ച വൈകുന്നേരം 9.30 തോടെയാണ് സംഭവം. സവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുറ്റിവാലി സ്വദേശിയായ ഡ്രൈവര്‍ ആന്റണി റിച്ചാര്‍ഡിന്റെ ഓട്ടോ ഓറ്റയാന കുത്തിമലര്‍ത്തിയത്. കുറ്റിയാര്‍വാലില്‍ നിന്നും കാടിയിറങ്ങിയ കാട്ടാനയാണ് ഓട്ടോയെ ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് ഓട്ടോ ഉയര്‍ത്തിപിടിച്ചശേഷം യുവാവിനെ വലിച്ച് പുറിത്തിട്ടു. തുടര്‍ന്ന് കാല്‍ ഉയര്‍ത്തി ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ തേയിലക്കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയാണ് യുവാവ് രക്ഷപ്പെട്ടത്. ശരീരത്താകമാനം പരിക്കേറ്റ റിച്ചാര്‍ഡിനെ നാട്ടുകാരാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. 

കുറ്റിയാര്‍വാലിയില്‍ സ്ഥിര താമസക്കാരനായ റിച്ചാര്‍ഡ് സവാരി കഴിഞ്ഞ് ഈ വഴിക്കാണ് വരാറുള്ളത്. വീട്ടിലെത്താന്‍ രണ്ടു റോഡുകള്‍ ഉണ്ടെങ്കിലും 2018 ല്‍ തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കാന്‍ കഴിയാതെ വന്നതോടെ പോക്കറ്റ് റോഡിലൂടെയാണ് വീട്ടിലേക്ക് പോകുന്നത്. ഇന്നലെ റോഡിലൂടെ നടന്നുവരുന്ന കാട്ടാനയെ കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിരുന്നു. രണ്ടാമനായാണ് റിച്ചാര്‍ഡിന്റെ ഓട്ടോ നിര്‍ത്തിയിരുന്നത്. ആദ്യ വാഹനം ഹോണ്‍ മുഴക്കി കടന്നുപോകുന്നത് കണ്ട് തൊട്ടുപുറകെ പോകാന്‍ ശ്രമിച്ചതോടെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണിത്തില്‍ ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു. സംഭവം മൂന്നാര്‍ വനപാലകരെ അറിയിച്ചെങ്കിലും അപകടത്തില്‍പ്പെട്ട ഡ്രൈവറെ കാണാന്‍ ഉച്ചയോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.