പ്രദേശത്ത് രണ്ടു ദിവസമായി പാലക്കാട് ടസ്കർ പതിനാലാമൻ ഇറങ്ങുന്നുണ്ട്. ഇതേ ആനയെ തന്നെയാണോ ഇവർ കണ്ടത് എന്ന് വ്യക്തമല്ല

മലമ്പുഴ: പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ കാട്ടാനയുടെ മുന്നിൽപ്പെട് മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റു. മലമ്പുഴ ഡാമിലേക്ക് മീൻ പിടിക്കാൻ പോകുമ്പോൾ, രാവിലെ ആറുമണിയോടെയാണ് ആനയെ കണ്ടത്. ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ, പാറമുകളിൽ വീണാണ് കരടിയോട് സ്വദേശി ചന്ദ്രന് പരിക്കേറ്റത്. താടിയെല്ലിനാണ് പരിക്കു പറ്റിയത്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ മറ്റൊരു മത്സ്യത്തൊഴിലാളിക്ക് പരിക്ക് പറ്റിയിരുന്നു. പ്രദേശത്ത് രണ്ടു ദിവസമായി പാലക്കാട് ടസ്കർ പതിനാലാമൻ ഇറങ്ങുന്നുണ്ട്. ഇതേ ആനയെ തന്നെയാണോ ഇവർ കണ്ടത് എന്ന് വ്യക്തമല്ല. ജനവാസ മേഖലയിലെ കാട്ടാനശല്യം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പേരും സ്ഥലവും മാത്രം മാറ്റം, ഭീഷണി ഒന്നു തന്നെ! കാടിറങ്ങി പി ടി 14, ജനവാസമേഖലയിൽ എത്തിയത് മദപ്പാടോടെ; വീഡിയോ

അരിക്കൊമ്പൻ ജനവാസമേഖലയ്ക്കടുത്ത്, വിനോദ സഞ്ചാരികൾക്ക് നിരോധനം; തമിഴ്നാടിനും തലവേദന

അതേസമയം കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാർത്ത തമിഴ്നാടിനും തലവേദനയായി അരിക്കൊമ്പൻ മാറുന്നു എന്നതാണ്. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവ സാങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ കഴിഞ്ഞ മൂന്ന് ദിവസമായി ജനവാസമേഖലക്ക് സമീപത്തിറങ്ങി. തമിഴ്നാട്ടിലെ മേഘമലക്ക് സമീപം മണലാറിലാണ് അരിക്കൊമ്പനെത്തിയത്. ഇന്നലെ രാത്രി ആന തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആന മേഘമല ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ വിരട്ടിയോടിക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന് നേരെയും ആന പാഞ്ഞടുത്തു. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് അധികൃത‍ര്‍ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. അരിക്കൊമ്പൻ ആനയിറങ്ങുന്ന സാഹചര്യത്തിൽ ഭയന്നാണ് ജീവിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. അരിക്കൊമ്പന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് തമിഴ്നാട് വനംവകുപ്പ് നിരോധിച്ചു. സ‍ർക്കാ‍ർ വാഹനങ്ങളും പ്രദേശ വാസികളുടെ വാഹനങ്ങളും മാത്രമാണ് മേഘമല ഭാഗത്തേക്ക് കടത്തിവിടുന്നത്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.