വീടിന്‍റെ പിറകുവശത്തെ വരാന്തയിൽ വെച്ച ചക്ക കൊമ്പൻ തുമ്പിക്കൈ ഉപയോഗിച്ച് മതിലിനപ്പുറെ നിന്ന് എടുക്കുകയായിരുന്നു. ഇതിന് ശേഷം ചക്ക കഴിക്കുന്നതും വീഡിയോയിലുണ്ട്.
പാലക്കാട്: പാലക്കാട് പുളിയംപുള്ളിയിൽ വീട്ടുപറമ്പിൽ കൊമ്പൻ എത്തിയതിന്‍റെ ഞെട്ടലില്‍ നാട്ടുകാർ. പുളിയംപുളളി റെജിയുടെ വീടിന്‍റെ പിന്നിൽ പുലര്‍ച്ചെ അഞ്ചോടെയാണ് ആനയെത്തിയത്. വീടിന്‍റെ പിറകുവശത്തെ വരാന്തയിൽ വെച്ച ചക്ക കൊമ്പൻ തുമ്പിക്കൈ ഉപയോഗിച്ച് മതിലിനപ്പുറെ നിന്ന് എടുക്കുകയായിരുന്നു. ഇതിന് ശേഷം ചക്ക കഴിക്കുന്നതും വീഡിയോയിലുണ്ട്.
ഇതിന് ശേഷം വീട്ടിലെ നായക്കൂടും തകർത്ത ശേഷമാണ് മടങ്ങിയത്. കൂട്ടിലുണ്ടായിരുന്ന രണ്ടു പട്ടികൾ ഓടി രക്ഷപ്പെട്ടു. സാധാരണ ഈ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പി ടി 7 പോയ ശേഷം ഇപ്പോള്‍ മറ്റ് കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ചര്‍ച്ചയായ അരികൊമ്പനുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി വന്നിരുന്നു. അരികൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. അരികൊമ്പനെ മയക്കുവെടിവെക്കരുതെന്നതിനൊപ്പം ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹർജിയിലുണ്ട്. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്. അതിനിടെ, തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
തമിഴ്നാട് വനംവകുപ്പ് പുറത്തു വിട്ട ചിത്രങ്ങൾ കണ്ട് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണ തമിഴ്നാട് വനംവകുപ്പ് പുറത്തു വിട്ടിരുന്നു. ഇതിൽ കൊമ്പൻ തീറ്റ തിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പുതിയ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിക്കഴിഞ്ഞുവെന്നാണ് വനംവകുപ്പ് വിശദീകരിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

