നേരത്തെ ഉണ്ടായിരുന്ന വാഴത്തോട്ടത്തിനുള്ളില്‍ നിന്ന് ആന സമീപത്തെ കുന്നിന്‍ ചരുവിലേക്ക് കയറിയതാണ് ദൗത്യം അനിശ്ചിതത്വത്തിലായത്. 

വയനാട്: വയനാട് മാനന്തവാടിയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതില്‍ അനിശ്ചിതത്വം. ആനയിപ്പോളുള്ളത് മയക്കുവെടിവയ്ക്കാന്‍ പറ്റിയ സ്ഥലത്തല്ല. നേരത്തെ ഉണ്ടായിരുന്ന വാഴത്തോട്ടത്തിനുള്ളില്‍ നിന്ന് ആന സമീപത്തെ കുന്നിന്‍ ചരുവിലേക്ക് കയറിയതാണ് ദൗത്യം അനിശ്ചിതത്വത്തിലായത്. 

ആര്‍ആര്‍ടിയും വെറ്ററിനറി ടീമും മയക്കുവെടിവയ്ക്കാനുള്ള ദൗത്യം തുടരുകയാണ്. സൂര്യ, വിക്രം, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളും ദൗത്യത്തിന്‍റെ ഭാഗമാണ്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണമെന്നും അതിന് സാധ്യമായില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന്‍റെ സാന്നിധ്യത്തില്‍ ബന്ദിപ്പൂര്‍ വനമേഖലയിൽ തുറന്നുവിടണമെന്നാണ് ഉത്തരവ്. സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പന്‍ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോള്‍ വയനാട്ടിലെത്തിയ ഈ കൊമ്പന്‍ ഹാസനിലെ കാപ്പിത്തോട്ടത്തില്‍ വിഹരിച്ചിരുന്നത്.