ലോഡ്ജ് മുറിയിൽ നിന്നും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ത്രാസ്, സിപ് കവർ, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മർജീന അഞ്ചുവർഷമായി ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ രാസലഹരിയുമായി യുവതിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് പിടികൂടി. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്ഐ രാമദാസും സംഘവും ഇന്നലെ രാവിലെ 10.25 ഓടെ ആശുപത്രിപ്പടിയിലെ ലോഡ്ജിലെത്തിയത്. റിസപ്ഷനിലെ ലഡ്ജറിൽ വിവരങ്ങളെടുത്ത ശേഷം ലോഡ്ജിലെ 706-ാം നമ്പർ മുറിയിലേക്ക്. വാതിൽമുട്ടിയെങ്കിലും തുറന്നില്ല.

ഒടുവിൽ പൊലീസാണെന്നറിയിച്ചതോടെ നീല ടിഷർട്ടും ജീൻസ് പാൻറും ധരിച്ച സ്ത്രീ കതക് തുറന്നു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്പില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീറുമായിരുന്നു മുറിയിലുണ്ടായിരുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് രാസലഹരിയും കഞ്ചാവും പൊലീസ് കണ്ടെത്തിയത്. ലഹരി തേടിയാണ് സുഹൃത്ത് മുഖേന മർജാന മണ്ണാർക്കാടെത്തിയത്. പിടിയിലായ മർജീന അഞ്ചുവർഷമായി ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.

ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി രണ്ടു ദിവസത്തേക്ക് ലോഡ്ജ്മുറിയെടുത്ത് നൽകിയത് പിടിയിലായ മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ. ഇയാൾ തന്നെയാണ് മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും ലഹരി വിൽപന നടത്തുന്ന അപ്പക്കാടൻ മുനീറിനെ മർജാനയ്ക്ക് പരിചയപ്പെടുത്തിയത്. കഞ്ചാവും എംഡിഎംഎയുമായി മുനീർ മർജാനയ്ക്കരികിലെത്തി. പിന്നാലെയായിരുന്നു പൊലീസിൻറെ പരിശോധന. ലോഡ്ജ് മുറിയിൽ നിന്നും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ത്രാസ്, സിപ് കവർ, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട് രാസലഹരിയുമായി മൂന്ന് പേർ പിടിയിൽ; ഇവരിൽ നിന്നും MDMAയും കഞ്ചാവും പിടിച്ചെടുത്തു | Palakkad