ആളൊഴിഞ്ഞ സ്ഥലത്തേക്ക് തീവണ്ടിയിൽ നിന്നും ചില പൊതികൾ വലിച്ചെറിയുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോവുകയായിരുന്ന യുവതിയെ കണ്ടെത്തിയത്.
കൊച്ചി: ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുകൊടുത്ത കഞ്ചാവ് ശേഖരിച്ച് കൊണ്ടുപോകുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്പാശ്ശേരി പൊലീസ് പിടികൂടി. ഒഡീഷയിലെ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിംഗ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തേക്ക് തീവണ്ടിയിൽ നിന്നും ചില പൊതികൾ വലിച്ചെറിയുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോവുകയായിരുന്ന യുവതിയെ കണ്ടെത്തിയത്.
യുവതിയുടെ ബാഗിൽ നാല് പൊതികളിലായി 8 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാർ ഈ പുതിയ മാർഗ്ഗം പരീക്ഷിക്കാൻ തുടങ്ങിയത്. ആളൊഴിഞ്ഞ സ്ഥലം മുൻകൂട്ടി കണ്ടെത്തിയ ശേഷം, തീവണ്ടി ആ ഭാഗത്ത് എത്തുമ്പോൾ കഞ്ചാവ് പൊതികൾ പുറത്തേക്ക് എറിയും. അവിടെ കാത്തുനിൽക്കുന്നവർ ഇത് ശേഖരിച്ച് കടത്തിക്കൊണ്ടുപോകുന്നതാണ് പുതിയ രീതി. പിടിയിലായ യുവതി മുൻപും ഇതേ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി ടി. ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, സബ് ഇൻസ്പെക്ടർ എസ്. എസ്. ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ നിർണായക അറസ്റ്റ്.
ട്രെയിനിൽ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവ് പിടിച്ചു
ട്രെയിനിൽ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി 2 പേർ ഡാൻസഫ് സംഘത്തിന്റെ പിടിയിൽ. ചാത്തന്നൂർ ഇത്തിക്കര മീനാട് വയലിൽ പുത്തൻവീട്ടിൽ രാഹുൽ (23), തഴുത്തല മൈലക്കാട് നോർത്ത് കമല സദനത്തിൽ സുഭാഷ് ചന്ദ്രൻ (27) എന്നിവരെയാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിലും കെ എസ് ആർടിസി ഡിപ്പോകളിലുമടക്കം പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.


