കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചീനിമുത്തുവിനെ എക്സൈസ് സംഘം പിടികൂടി. തമിഴ്നാട്ടിലെ ആനമല ടൈഗർ റിസർവിനുള്ളിൽ 45 കിലോമീറ്ററോളം സഞ്ചരിച്ച് രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
ഇടുക്കി: ജാമ്യത്തിലിറങ്ങി എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. 90 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്ന പ്രതി ചീനിമുത്തുവിനെയാണ് പിടികൂടിയത്. ഇയാൾ തമിഴ്നാട് തിരുപ്പൂർ ജില്ലയിൽ ആനമല വനത്തിനുള്ളിൽ മേൽക്കുറുമേൽ ഭാഗത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ആനമല ടൈഗർ റിസർവിനുള്ളിൽ വാഹനത്തിലും കാൽനടയായും 45 കിലോമീറ്ററോളം സഞ്ചരിച്ച് രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥരെക്കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്കുമാർ ടി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ബിനോയ്.കെ.ജെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജലീൽ.പി.എം, സിജുമോൻ, സിവിൽ എക്സൈസ് ഓഫീസർ ക്ലമന്റ്.വൈ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയെ ബഹുമാനപ്പെട്ട തൊടുപുഴ എൻഡിപിഎസ് കോടതി 14 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചിരുന്നു.
കർണ്ണാടക മദ്യം പിടികൂടി
കാസർകോട് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 110 ലിറ്റർ കർണാടക മദ്യവുമായി പനത്തടി സ്വദേശി വൈശാഖ് വി വി (27) എന്നയാൾ പിടിയിലായി. ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ജിഷ്ണുകുമാർ. ഇ വിയും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാജീവൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് ജോസ്, അനീഷ് കെ വി, അജൂബ് വി എ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശുഭ പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടന്ന പരിശോധനയിൽ അനധികൃതമായി രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 67,50000 രൂപയും പിടിച്ചെടുത്തു. തലപ്പാടിയിൽ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസില്‍ നിന്നുമാണ് കുഴൽ പണവുമായി കണ്ണൂർ ചേലേരി സ്വദേശി സമീർ പി(41) എന്നയാളാണ് പിടിയിലായത്.


