പത്തനംതിട്ടയിൽ സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. സ്കൂട്ടറിന്റെ ഹാൻഡിലിന് സമീപം ഒളിച്ചിരുന്ന പാമ്പാണ് ചിറ്റാർ സ്വദേശിനിയായ സോനു തോമസിനെ കൊത്തിയത്. യുവതി ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
പത്തനംതിട്ട: സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിന് സമീപമിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി ചികിത്സയിൽ. ചിറ്റാർ സ്വദേശി സോനു തോമസിനാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ പാമ്പ് കടിയേറ്റത്. ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ട് നോക്കുന്നതിനിടെ പാമ്പ് പുറത്തേക്ക് വരികയും സോനുവിനെ കൊത്തുകയുമായിരുന്നു. ഉടൻതന്നെ ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. നിലവിൽ സോനു ചികിത്സയിൽ തുടരുകയാണ്. യാത്ര ചെയ്ത് പോകവെ സ്കൂട്ടറിന്റെ മുൻവശത്തെ ഹാൻഡിലിന്റെ ഭാഗത്തുനിന്നുമാണ് പാമ്പ് പുറത്തേക്ക് വന്നത്.

മാന്നാറിൽ വീടിന്റെ അടുക്കളയിൽ യുവതിക്ക് കടിയേറ്റു
അതേസമയം വേനൽച്ചൂട് കനത്തതോടെ മാന്നാറിൽ ജനവാസ മേഖലകളിൽ പാമ്പുശല്യം രൂക്ഷമാകുന്നു. കുരട്ടിശ്ശേരി വാന്യത്ത് പടിഞ്ഞാറേതിൽ സുറുമിക്ക് (34) കഴിഞ്ഞദിവസം അണലിയുടെ കടിയേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് നിൽക്കുമ്പോഴാണ് സംഭവം. കാലിൽ പെരുപ്പ് അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാരെ വിളിച്ചപ്പോഴാണ് അടുക്കളയിൽനിന്ന് പുറത്തേക്കിറങ്ങുന്ന അണലിയെ കണ്ടത്. ഉടൻതന്നെ സുറുമിയുടെ പിതാവ് ഒരു കുപ്പി തുറന്നുവെച്ച് പാമ്പിനെ അതിനുള്ളിലാക്കി. തുടർന്ന് പാമ്പടങ്ങിയ കുപ്പിയുമായി സുറുമിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. സുറുമിയുടെ വീടിനോടുചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന പറമ്പും വർഷങ്ങളായി തരിശുകിടക്കുന്ന പാടവുമാണ് ഇഴജന്തുക്കളുടെ താവളമെന്ന് നാട്ടുകാർ പറയുന്നു. പറമ്പിലെ കാടുവെട്ടിത്തെളിക്കാൻ വാർഡ് മെമ്പർ കലാധരൻ കൈലാസം ഉൾപ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും ഉടമകൾ തയ്യാറായിട്ടില്ല. പ്രദേശത്തെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ, പത്രവിതരണക്കാരനായ അജീഷ് കൊടാകേരിൽ കഴിഞ്ഞ ദിവസം പുലർച്ചെ പാമ്പുകടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡ് പന്നായിക്കടവ് - മുല്ലശ്ശേരിക്കടവ് റോഡിൽവച്ചാണ് ഇദ്ദേഹം മൂർഖൻ പാമ്പിനെ കണ്ടത്. രണ്ടാം വാർഡിൽ പാവുക്കര പന്തലാറ്റിൽപടി കൊച്ചുവീട്ടിൽ റോഡിൽ ഒരു കാറിനടിയിൽനിന്ന് അണലി ഇറങ്ങിപ്പോകുന്നത് കണ്ടതായും ഇദ്ദേഹം വ്യക്തമാക്കി.
