മരണ ശേഷം മുഫീദയുടെ ആദ്യ ഭർത്താവിലെ മക്കൾ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കല്‍പ്പറ്റ: ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് തരുവണ സ്വദേശി പുലിക്കാട് കണ്ടിയിൽപൊയിൽ മുഫീദയാണ് മരിച്ചത്. രണ്ട് മാസം മുൻപാണ് 50 വയസുകാരിയായ മുഫീദയ്ക്ക് ആത്മഹത്യ ശ്രമത്തിനിടെ ഗുരതരമായി പൊള്ളലേറ്റത്. മുഫീദയുടെ ഭർത്താവിന്‍റെ ആദ്യ ഭാര്യയിലെ മക്കൾ സംഭവ ദിവസം മുഫീദയെ ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹമോചനത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിനിടെയാണ് മുഫീദ മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഇവർ പോലീസിൽ നല്‍കിയ മൊഴിയിൽ പരാതികളുന്നയിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല.

മരണ ശേഷം മുഫീദയുടെ ആദ്യ ഭർത്താവിലെ മക്കൾ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റതെന്നും ആരുടെയും ഭീഷണിയുണ്ടായിട്ടില്ലെന്നും മൂഫീദ പോലീസിൽ മൊഴി നൽകിയിട്ടുണ്ടെന്ന് വെള്ളമുണ്ട പോലീസ് വ്യക്തമാക്കി.