ട്രെയിന്‍ തിരൂരിൽ എത്തിയപ്പോൾ പരിശോധനക്കായി എത്തിയ ടി.ടി.ഇ അനധികൃതമായി റിസർവേഷൻ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്നവരോട് അടുത്ത സ്റ്റേഷനായ കുറ്റിപ്പുറത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടു. 

മലപ്പുറം: ടിടിഇ തീവണ്ടിയിൽനിന്ന് പുറത്താക്കിയ വയോധികയായ അമ്മയെ കണ്ടെത്തുന്നതിനായി സഹയാത്രികരുടെ സഹായത്തോടെ മകൾ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലാണ് കുറ്റിപ്പുറത്തിനടുത്ത പേരശ്ശന്നൂരിൽ ചങ്ങല വലിച്ച് യുവതി നിർത്തിയത്. കഞ്ചിക്കോട് സ്വദേശികളായ അമ്മയും അവരുടെ മക്കളും കോഴിക്കോടുനിന്നാണ് നാട്ടിലേക്ക് വരുന്നതിനായി ട്രെയിനില്‍ കയറിയത്. 

ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രക്കാരുടെ വലിയ തിരക്കായിരുന്നതിനാല്‍ തിരക്കിനിടയിൽ ഇവർ കയറിയത് റിസർവേഷൻ കമ്പാർട്ടുമെന്റിലായിരുന്നു. ഈ കുടുംബം ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ജനറൽ കമ്പാർട്ടുമെന്റിൽ സ്ഥലമില്ലാത്തതിനാൽ ഇങ്ങനെ റിസർവേഷൻ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്തിരുന്നത്. ട്രെയിന്‍ തിരൂരിൽ എത്തിയപ്പോൾ പരിശോധനക്കായി എത്തിയ ടി.ടി.ഇ അനധികൃതമായി റിസർവേഷൻ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്നവരോട് അടുത്ത സ്റ്റേഷനായ കുറ്റിപ്പുറത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടു. 

Read also: സർക്കാരിന്റേത് നെൽകർഷകരെ സഹായിക്കുന്ന നിലപാട്; കിറ്റ് വാങ്ങാന്‍ നാളെയും കൂടി അവസരം: മന്ത്രി ജിആര്‍ അനില്‍

എന്നാൽ കുറ്റിപ്പുറത്ത് എത്തിയപ്പോൾ വണ്ടിയിൽനിന്ന് ഇറങ്ങാൻ യാത്രക്കാർ തയ്യാറായില്ല. ഇതിനിടെയാണ് കഞ്ചിക്കോട് സ്വദേശിനിയായ വയോധികയെയും മറ്റു സഹയാത്രികരെയും ടി.ടി.ഇ. ബലം പ്രയോഗിച്ച് കുറ്റിപ്പുറത്ത് ഇറക്കിവിട്ടതെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാൽ വയോധികയുടെ മകൾ ഇതിനിടെ തീവണ്ടിയിൽ തിരികെ കയറിപ്പറ്റി. 

കുറ്റിപ്പുറം വിട്ടതിനുശേഷമാണ് അമ്മയെ കാണാതായ വിവരം മകൾ അറിയുന്നത്. ഇതോടെ ബഹളംവെച്ച യുവതി സഹയാത്രികരുടെ സഹായത്തോടെ എടച്ചലത്ത് വെച്ച് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. റെയിൽപ്പാളത്തിലൂടെ രണ്ട് കിലോമീറ്ററിലധികം രാത്രിയിൽ നടന്നാണ് യുവതി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ അമ്മയുടെ അടുത്ത് എത്തിയത്. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാരോട് ടിടിഇ മോശമായി പെരുമാറിയെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് സ്വീകരിച്ചതെന്നും ആരോപിച്ച് അമ്മയും മകളും കുറ്റിപ്പുറം സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...