Asianet News MalayalamAsianet News Malayalam

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

മോഷ്ടിച്ച മാല  യുവതി മൂന്നാറിലെ ഒരു സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ 1.30 ലക്ഷം രൂപക്ക് പണയം വച്ചു

Woman who theft five sovereign gold gave back after the family file complaint
Author
First Published Sep 23, 2022, 12:17 PM IST

മൂന്നാർ : അഞ്ചു പവൻ സ്വർണം മോഷ്ടിച്ചത് പൊലീസ് കേസായതോടെ മടക്കി നൽകി യുവതിയും ബന്ധുക്കളും തടിയൂരി. നല്ല തണ്ണി ഈസ്റ്റ് ഡിവിഷനിലെ ആറു മുറി ലയത്തിലാണ് മോഷണം നടന്നത്. ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ യുവാവും ഭാര്യയും മക്കളും അമ്മയുമാണ് ഇവിടെ താമസിക്കുന്നത്. തോട്ടം തൊഴിലാളിയായ അമ്മയും മകനും ജോലിക്കു പോകുകയും കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടാനായി യുവതി പുറത്തു പോകുകയും ചെയ്ത സമയത്താണ് അലമാരയിലുണ്ടായിരുന്ന അഞ്ച് പവൻ്റെ മാല തൊട്ടടുത്ത ലയത്തിൽ താമസിക്കുന്ന യുവതി മോഷ്ടിച്ചത്. 

മോഷ്ടിച്ച മാല  യുവതി മൂന്നാറിലെ ഒരു സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ 1.30 ലക്ഷം രൂപക്ക് പണയം വയ്ക്കുകയും ചെയ്തു. കുട്ടികളെ വിട്ടു മടങ്ങിയെത്തിയ യുവതി മോഷണ വിവരമറിഞ്ഞില്ല. രാത്രി ഭർത്താവ് ജോലി കഴിഞ്ഞെത്തി അലമാര തുറന്നപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരമറിഞ്ഞത്. അലമാരയിലുണ്ടായിരുന്ന 25000 രൂപയും മറ്റ് സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ യുവാവ് മൂന്നാർ പൊലീസിൽ പരാതി നൽകുകയും അടിമാലി, മൂന്നാർ മേഖലകളിലെ സ്വർണക്കടകൾ, സ്വർണ പണയ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ വിവരമറിയിക്കുകയും ചെയ്തു.

മോഷണമുതലാണ് പണയം വച്ചതെന്ന് മനസിലായതോടെ മൂന്നാറിലെ  സ്വർണ പണയ സ്ഥാപനമുടമ പണയം വച്ച യുവതിയുടെ ഭർത്താവും ടൗണിലെ ഓട്ടോ ഡ്രൈവറുമായ യുവാവിനെ വിളിച്ച് കാര്യം പറഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവറായ ഭർത്താവ് മാലയുടെ ഉടമ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി കേസ് പിൻവലിക്കണമെന്നും നാണം കെടുത്തരുതെന്നും അപേക്ഷിച്ചു. തുടർന്ന് യുവതിയുടെ ഭർത്താവ് തന്നെ പണയം വച്ചിരുന്ന സ്വർണം എടുത്ത് മടക്കി നൽകി പ്രശ്നം ഒത്തു തീർപ്പാക്കുകയായിരുന്നു. ഇതെ തുടർന്ന് യുവാവ് നൽകിയ പരാതിയും പിൻവലിച്ചു.

Read More : നെടുമ്പാശ്ശേരിയിൽ വൻസ്വര്‍ണവേട്ട: രണ്ട് ദമ്പതിമാരടക്കം അഞ്ച് പേര്‍ പിടിയിൽ , പിടികൂടിയത് നാലേകാൽ കിലോ സ്വര്‍ണം

Follow Us:
Download App:
  • android
  • ios