രാമായണ മാസത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിൽ പാരായണം നടക്കുന്നുണ്ടായിരുന്നു. ഇവിടെ പാരായണത്തിന് മൈക്ക് എടുത്ത് വയ്ക്കുമ്പോൾ ഷോക്ക് ഏൽക്കുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. മൈക്കിൽ നിന്ന് ഷോക്കേറ്റാണ് 68കാരി മരിച്ചത്. രാമായണ പാരായണത്തിനിടയിലാണ് സംഭവം. നരുവാമൂട് മാർത്ത ണ്ഡേശ്വരം എൽപി സ്കൂളിന് സമീപം കല്ലറത്തല മേലെ പാറവിള വീട്ടിൽ കൃഷ്ണമ്മ ( 68)ആണ് മരിച്ചത്. തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപമുള്ള ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30 നാണ് സംഭവം. രാമായണ മാസത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിൽ പാരായണം നടക്കുന്നുണ്ടായിരുന്നു. ഇവിടെ പാരായണത്തിന് മൈക്ക് എടുത്ത് വയ്ക്കുമ്പോൾ ഷോക്ക് ഏൽക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കൃഷ്ണൻ കുട്ടി. മക്കൾ: പ്രീത, മാലിനി. മരുമക്കൾ: സുധ ആം.സോറൻ, അരുൺ കുമാർ.


