പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയ ബന്ധുക്കള്‍ പിന്നീട് ലീലാമ്മയെ കാണാനില്ലെന്ന് കാണിച്ച് വൈകുന്നേരത്തോടെ തലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മാനന്തവാടി: ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഇറങ്ങിയ വീട്ടമ്മയെ കുറിച്ച് വിവരമില്ലെന്ന് പൊലീസില്‍ പരാതി നൽകി ബന്ധുക്കൾ. വാളാട് വെണ്മണി ചുള്ളിയില്‍ ഇരട്ട പീടികയില്‍ ലീലാമ്മ (65)യെയാണ് കാണാനില്ലെന്ന പരാതിയുള്ളത്. മാര്‍ച്ച് നാലിന് മരുന്ന് വാങ്ങിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് വീടുവിട്ട് ഇറങ്ങിയതാണെന്നാണ് പരാതിയിൽ പറയുന്നത്. എന്നാല്‍ സാധാരണ തിരിച്ചെത്താറുള്ള സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് ബന്ധുക്കള്‍ അന്വേഷണം തുടങ്ങിയത്.
പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയ ബന്ധുക്കള്‍ പിന്നീട് ലീലാമ്മയെ കാണാനില്ലെന്ന് കാണിച്ച് വൈകുന്നേരത്തോടെ തലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ ലീലാമ്മ യാത്ര ചെയ്തിരുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. പിന്നീട് കണ്ണൂര്‍ കോളയാട് ഇറങ്ങി ചങ്ങലഗേറ്റ് എന്ന സ്ഥലത്ത് എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കിട്ടുകയും ചെയ്തു.
ഇവിടെ നിന്ന് നരിക്കോട്ട് മലയിലേക്ക് പോകുന്ന വനത്തിനുള്ളിലൂടെയുള്ള വഴിയില്‍ വെച്ച് വീട്ടമ്മയെ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതായും അറിയിച്ചിരുന്നു. വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാരും പ്രദേശവാസികളും, ബന്ധുക്കളും ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭര്‍ത്താവിന്റെ വിയോഗത്തിനു ശേഷം ലീലാമ്മ ചില സമയങ്ങളില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
അതേ സമയം, വീട്ടമ്മയ്ക്കായുള്ള അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കടക്കം മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കാണാതായ ലീലാമ്മയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447296997, 7019232410, 9061801623 എന്ന നമ്പറുകളിലോ, കണ്ണവം, തലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യർത്ഥിച്ചു. നിലവില്‍ പൊലീസും ബന്ധുക്കളും ലീലാമ്മയെ കണ്ടുവെന്ന് പറയുന്ന നരിക്കോട് മലയിലും പരിസരത്തും തിരച്ചില്‍ നടത്തുകയാണ്.
