ഒരു വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കി, ഗുരുവായൂരില്‍ നിലവിലുള്ള സൗകര്യം പൂര്‍ണ്ണമായും ഉപയോഗ യോഗ്യമാക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്
തൃശൂര്‍: ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് വികസനത്തിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഇതോടെ കുപ്പിക്കഴുത്ത് ഒഴിവാകുമെന്ന് ഉറപ്പായി. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലെ പാതകള്‍ വടക്കോട്ട് നീട്ടി യോജിപ്പിച്ചപ്പോള്‍, മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ പാത എങ്ങുമെത്താതെ ഒരു ടെര്‍മിനസ് പോലെ അവസാനിപ്പിച്ചാണ് ഗുരുവായൂര്‍ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അതിനാല്‍ മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തുന്ന വണ്ടിയുടെ എഞ്ചിന്‍ വടക്കേയറ്റത്ത് കുടുങ്ങുന്ന അവസ്ഥയായിരുന്നു. മറ്റൊരു വണ്ടിയുടെ എഞ്ചിന്‍ കൊണ്ടുവന്ന് കോച്ചുകള്‍ വലിച്ചുമാറ്റിയാല്‍ മാത്രമേ പ്രസ്തുത എഞ്ചിന്‍ സ്വതന്ത്രമാവുകയുള്ളൂ.
ഇത് ഗുരുവായൂരില്‍ വണ്ടികള്‍ കൈകാര്യം ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. കൂടുതല്‍ വണ്ടികള്‍ ഓടിയ്ക്കുന്നതിന് പ്രധാന തടസ്സവും ഇതായിരുന്നു. താമസിയാതെ ഗുരുവായൂര്‍ - തിരുനാവായ പാതയുടെ നിര്‍മ്മാണം നടക്കുമ്പോള്‍ ഈ പോരായ്മ പരിഹരിയ്ക്കാമെന്ന് കരുതിയാണ് അന്ന് അത്തരത്തില്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. പിന്നീട്, തിരുനാവായ പാതയുടെ നിര്‍മ്മാണം അനന്തമായി നീണ്ടുപോയപ്പോള്‍, സുഗമമായ ഗതാഗതത്തിന് ഇത് വലിയൊരു പ്രശ്‌നമായി മാറി.
ഗുരുവായൂരിലെ യാര്‍ഡ് വികസനം, തിരുനാവായ പദ്ധതിയില്‍ നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര പ്രവൃത്തിയായി ഡിവിഷന്‍ തലത്തില്‍ ഏറ്റെടുക്കണമെന്ന് യാത്രക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. പ്രസ്തുത ആവശ്യം അംഗീകരിച്ചുകൊണ്ടാണ്, ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചിരിയ്ക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കി, ഗുരുവായൂരില്‍ നിലവിലുള്ള സൗകര്യം പൂര്‍ണ്ണമായും ഉപയോഗ യോഗ്യമാക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. കൂടുതല്‍ വണ്ടികള്‍ കൈകാര്യം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
