തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ വനിതാ ഡോക്ടർമാരുടെ മുറിയിൽ അതിക്രമിച്ച് കയറി അപമാനിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍: ജൂനിയര്‍ വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന ആശുപത്രി കെട്ടിടത്തിലെ മുറിയില്‍ അതിക്രമിച്ച് കടന്ന് വനിതാ യുവ ഡോക്ടര്‍മാരെ അപമാനിച്ച യുവാവ് അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് മഠത്തിപറമ്പില്‍ ജയകൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെ അവരുടെ മുറിയില്‍ അതിക്രമിച്ച് കടന്ന് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് യുവാവിനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. പിജിക്കാരായ ജൂനിയര്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. ഇവിടെ കയറിയ യുവാവ് രണ്ട് വനിത ജൂനിയര്‍ ഡോക്ടര്‍മാരെ അപമാനിക്കുകയായിരുന്നു. വനിത ഡോക്ടര്‍മാരുടെ നിലവിളി കേട്ടെത്തിയ സഹപാഠികള്‍ ചേര്‍ന്ന് പ്രതിയെ തടഞ്ഞു വയ്ക്കുകയും അപമാനത്തിനിരയായ രണ്ട് വനിതാ യുവ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് സമീപം വച്ച് പരിചയപ്പെട്ട ഒരു ജൂനിയര്‍ ഡോക്ടര്‍ തന്നോട് ഇവിടെ വരാന്‍ പറഞ്ഞാണ് എത്തിയതെന്നും യുവതി നല്‍കിയ റൂമിന്‍റെ നമ്പര്‍ തെറ്റിയതാണ് സംഭവത്തിന് കാരണമെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇത് തെറ്റായ മൊഴിയാണ് എന്നാണ് പൊലീസ് ഭാഷ്യം. യുവ ഡോക്ടര്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ബ്ലോക്കിലേക്ക് അനധികൃതമായി ഇയാള്‍ എങ്ങനെ എത്തിയെന്ന ദുരൂഹത ബാക്കി നില്‍ക്കുന്നു.