സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയ റിപ്പോർട്ടിലും പ്രതികളാക്കപ്പെട്ടവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. നിരപരാധിത്വം തെളിയിക്കാനായി ഡിവൈഎസ്പി മുതൽ പൊലീസ് തലപ്പത്തുള്ളവരെയും മുഖ്യമന്ത്രിയേയും പലതവണ അരുൺലാൽ കണ്ടു
പത്തനംതിട്ട: ഇലവുംതിട്ടിയിൽ യുവാവിനെ കള്ളക്കേസിൽപ്പെടുത്തിയെന്ന് (Fake Case) പരാതി. മെഴുവേലി സ്വദേശി അരുൺലാലിനെയാണ് കൊലപാതകകേസിൽ (Murder) പ്രതിയാക്കി 58 ദിവസം ജയിലിലടച്ചത്. കേസിൽ പ്രതിയായതോടെ ജീവിതം തന്നെ താളം തെറ്റിയ അവസ്ഥയിലാണ് അരുൺലാൽ.
2019 ജൂലൈ 27ന് കൊല്ലപ്പെട്ട ഇലന്തൂർ സ്വദേശി സജീവന്റെ മരണത്തിലാണ് അരുൺലാലും സുഹൃത്ത് പ്രേംലാലും പ്രതികളാവുന്നത്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ ഇലവുംതിട്ട പൊലീസ് അരുൺലാലിനെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സജീവന്റെ ഭാര്യവീട്ടിൽ സംഘർഷം ഉണ്ടായതറിഞ്ഞാണ് അരുൺലാലും പ്രേംലാലും സംഭവ സ്ഥലത്തെത്തുന്നത്.
സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകരം മരണകാരണം തലയ്ക്ക് പിന്നിൽ രണ്ടിഞ്ച് ആഴത്തിലേറ്റ മുറിവാണ്. സംഭവം നടന്ന സമയത്ത് അരുൺലാലിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യയും ചുമത്തി. എന്നാൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടും പ്രതിയാക്കപ്പെട്ട ആളെ നാളിതുവരെ തെളിവെടുപ്പ് പോലും നടത്തിയിട്ടില്ല. സജീവന് ഭാര്യ വീട്ടിൽ നിന്നാണ് മർദനമേറ്റതെന്ന് സാക്ഷികളും പറയുന്നു
സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയ റിപ്പോർട്ടിലും പ്രതികളാക്കപ്പെട്ടവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. നിരപരാധിത്വം തെളിയിക്കാനായി ഡിവൈഎസ്പി മുതൽ പൊലീസ് തലപ്പത്തുള്ളവരെയും മുഖ്യമന്ത്രിയേയും പലതവണ അരുൺലാൽ കണ്ടു. കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഒന്നും നടന്നില്ല. നിയമകുരുക്കുകളിൽപ്പെട്ടതോടെ അരുണിന് ജോലിക്കും പോകാൻ കഴിയുന്നില്ല. കേസിന്റെ വിചാരണ തുടങ്ങാത്തത് കാരണം കോടതിയിൽ നിന്നുള്ള നീതിയും വിദൂരമാണ്.
