താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ യുവാവ് ഷാനിദ് ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്

കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ യുവാവിന്റെ മരണകാരണം അമിത അളവില്‍ ശരീരത്തില്‍ രാസലഹരിമരുന്ന് എത്തിയത് കൊണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ താമരശ്ശേരി മൈക്കാവ് സ്വദേശിയായ ഷാനിദ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം രണ്ട് പാക്കറ്റ് ലഹരിമരുന്ന് വിഴുങ്ങിയത്. രണ്ട് പാക്കറ്റുകളിലൊന്നില്‍ കഞ്ചാവാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. 

താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ യുവാവ് ഷാനിദ് ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ഇത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.

ലഹരിമരുന്ന് വിഴുങ്ങിയതിന് പിന്നാലെ പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയില്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. പാക്കറ്റുകള്‍ ശസ്ത്രക്രിയ ചെയ്ത ശേഷം മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രത്തില്‍ ഒപ്പു വെച്ചു നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീടാണ് സ്ഥിതി ഗുരുതരമായത്. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമുള്ള മരണമായതുകൊണ്ട് സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശപ്രകാരമുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഇൻക്വസ്റ്റ്. രണ്ട് മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. 

അതേസമയം, ഷാനിദിന് എങ്ങനെ രാസലഹരി കിട്ടി, സംഘത്തിലെ കൂടുതൽ കണ്ണികൾ എന്നിവയിലേക്ക് ഒക്കെ അന്വേഷണം പോകണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ലക്ഷ്യം മൂന്നാം സർക്കാർ, കേരളത്തിൽ ആരും പ്രതീക്ഷിക്കാത്ത മാറ്റമുണ്ടാകാൻ പോകുന്നു: എംവി ഗോവിന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം