പാലക്കാട് തിരുമിറ്റക്കോട് അമേരിക്കപ്പടി തോട്ടിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കാട്ടിരി മൈലാഞ്ചിക്കാട് സ്വദേശി പള്ളത്ത്പടി സുരേഷ് ആണ് മരിച്ചത്.

പാലക്കാട്: പാലക്കാട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുമിറ്റക്കോട് അമേരിക്കപ്പടി തോട്ടിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കാട്ടിരി മൈലാഞ്ചിക്കാട് സ്വദേശി പള്ളത്ത്പടി സുരേഷ് ആണ് മരിച്ചത്. തോട്ടിന് മുകളിലെ പാലത്തിൽ നിന്നും മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണതാവാമെന്ന് പ്രാഥമിക നിഗമനം. വീഴ്ചയിൽ ശരീരത്തിൽ തലയിലും ഷോൾഡറിലും മുറിവേറ്റിട്ടുമുണ്ട്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കനത്ത മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് ജില്ലയിൽ മഴക്കെടുതിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. അട്ടപ്പാടി അബനൂരിൽ പാറ ഉരുണ്ട് വീണ് നിർമാണത്തിലിരുന്ന വീടിന്റെ അടുക്കള വശം ഇടിഞ്ഞ് വീണാണ് വീട്ടിലുണ്ടായിരുന്ന രണ്ടു പേ൪ക്ക് പരിക്കേറ്റത്. പടലിക്കാട് അജയൻ്റെയും ചെന്താമരയുടേയും വീട് പൂർണമായും തകർന്നു. പുലർച്ചെ ഒരു മണിയോടെ ശബ്ദം കേട്ട് കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. ഷോളയൂർ മാറനട്ടി സ്വദേശി വിനോദ് കുമാറിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. പാലക്കാട് തേൻകുറിശ്ശി സ്വദേശി ചന്ദ്രികയുടെ വീടിന് മുകളിൽ മരം വീണ് ഒരു ഭാഗം തക൪ന്നു. വൈദ്യുതി തൂൺ പൊട്ടി വീണ് നെല്ലിയാംപതി മട്ടത്തുപാടിയിലെ രണ്ട് വീടുകൾക്ക് നാശ നഷ്ടം. ശക്തമായ മഴയിൽ അട്ടപ്പാടി ധോണിഗുണ്ട് - കാരറ റോഡിലെ അപ്രോച്ച്റോഡ് ഒലിച്ചു പോയി. പാലക്കാട് - കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിൽ. ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മലയോര മേഖലയിലും നഗരത്തിലെ പലയിടങ്ങളിലും മരം വീണും വൈദ്യുതി തൂൺ വീണും ഗതാഗതം തടസ്സപ്പെട്ടു. നീരൊഴുക്ക് വർദ്ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ പത്ത് ഷട്ടറുകൾ ഉയർത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം