ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു
സുമയുടെ ഭർത്താവ് സജി സൗദി അറേബ്യയിലാണ്
കുട്ടനാട്: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനമിടിച്ച് കുട്ടനാട്ടിൽ വീട്ടമ്മ മരിച്ചു. എ സി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിൽ ഇന്ന് രാവിലെ 7 മണിക്കാണ് അപകടം ഉണ്ടായത്. മങ്കൊമ്പ് തെക്കേക്കര ശ്രീനിലയത്തിൽ (കൊച്ചുപറമ്പ്) സുമ സജി (47 ) യാണ് മരിച്ചത്.
തെക്കേക്കരയിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുമ സജിയേയും അയൽവാസി തെക്കേക്കര ബ്രഹ്മമഠത്തിൽ ലതയേയും വീടിനു സമീപം വെച്ച് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പുറകിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീണു. തലക്ക് പരിക്ക് പറ്റിയ സുമ തൽക്ഷണം മരിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലതയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുമയുടെ ഭർത്താവ് സജി സൗദി അറേബ്യയിലാണ്. മക്കൾ: ആകാശ് (അനസ്തേഷ്യ ഡിപ്ലോമ വിദ്യാർഥി), വൈഗ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം