2018-ല്‍ കര്‍ണാടകയിലെ ബൈരകുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ബൈക്കില്‍ കടത്തിക്കൊണ്ടു വരരുന്നതിനിടെ  ബാവലി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ ഇയാള്‍ ബൈക്കുമായി ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞിരുന്നു.


മാനന്തവാടി: വയനാട്ടിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസില്‍ പ്രതിയായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിലായി. മാനന്തവാടി പാലാക്കോളി തോപ്പില്‍ വീട്ടില്‍ ഋഷികേഷ് സാഹിനി (24) ആണ് ചേകാടി പാലത്തിനു സമീപം എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും മുപ്പത് ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. 

ഋഷികേശ് സമാന കുറ്റകൃത്യം നടത്തിയതിന് മുമ്പും പിടിയിലായിട്ടുണ്ട്. 2018-ല്‍ കര്‍ണാടകയിലെ ബൈരകുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ബൈക്കില്‍ കടത്തിക്കൊണ്ടു വരരുന്നതിനിടെ ബാവലി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ ഇയാള്‍ ബൈക്കുമായി ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞിരുന്നു. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ചെക്ക് പോസ്റ്റിന്റെ ബാരികേഡും ഇടിച്ചുതെറിപ്പിച്ച് ആയിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. ഈ കേസില്‍ വിചാരണ നടന്നുവരുന്നതിനിടെയാണ് കഞ്ചാവുമായി വീണ്ടും പിടിയിലായത്.

രണ്ട് ദിവസം മുമ്പ് വയനാട്ടിലെ പൊന്‍കുഴിയിൽ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘവും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ വിവിധ കഞ്ചാവു കേസുകളിലായി മൂന്നു പേർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും 630 ഗ്രാം കഞ്ചാവും കെ.എല്‍ 73 ഇ 0371 സ്‌കൂട്ടറും ആണ് പിടികൂടിയത്.

Read More :  'സ്‌നാപ്ചാറ്റ്, ടെലഗ്രാം, വാട്ട്‌സ്ആപ്പ്, ചെറിയ പൊതികൾ'; വിദ്യാർത്ഥികൾക്ക് മയക്കുമരുന്നെത്തിച്ചത് ഇങ്ങനെ !