ടോണിയുടെ വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുടെ വില്‍പ്പന നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പിടിയിലായത്. നെടുങ്കണ്ടത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ടോണി കെ ജോയിയെ പൊലീസ് മയക്കുമരുന്നുമായി പിടികൂടിയത്. 

നെടുങ്കണ്ടത്ത് ഓട്ടോമൊബൈല്‍ സ്ഥാപനവും വര്‍ക്ക്ഷോപ്പും നടത്തി വരികയായിരുന്നു ടോണി. ടോണിയുടെ വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുടെ വില്‍പ്പന നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഉടുമ്പുഞ്ചോല സിഐ ആര്‍ ജയ രാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വര്‍ക്ക് ഷോപ്പില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ 0.19 മില്ലി ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് ടോമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിനിടെ തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഏഴ് കിലോ മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. കൊപ്രക്കളം കിഴക്ക് ഭാഗം സ്വദേശി ലസിത്ത് റോഷനെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപയോളം വില മതിക്കുന്ന ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് മൊത്തക്കച്ചവടക്കാരനായ ലസിത് റോഷൻ എന്ന ജാക്കിയിലേക്ക് എത്തിയത്. പിടിയിലാകുന്ന സമയത്തും ഇയാളിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെടുത്തു.

Read More : ഡാമിന് സമീപം പഞ്ചനക്ഷത്ര വില്ല, തട്ടിയത് കോടികള്‍; കെന്‍സ നിക്ഷേപക തട്ടിപ്പ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്