ബൈക്കിൻ്റെ ചാവി എറിഞ്ഞ് കളഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
വയനാട്: മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം. പ്രതി രൂപേഷിനെ മേപ്പാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. മേപ്പാടി കർപ്പൂരക്കാട് റോഡരികിൽ വെച്ചാണ് മുർഷിദിന് കുത്തേറ്റത്.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കർപ്പൂരക്കാടുള്ള കടയ്ക്ക് സമീപം യുവാക്കൾ കൂട്ടംകൂടിയിരുന്നു. ഇവിടെ എത്തിയ പ്രതി രൂപേഷ് യുവാക്കളിൽ ഒരാളുടെ ബൈക്കിന്‍റെ താക്കോൽ വാങ്ങി വലിച്ചെറിഞ്ഞു. മദ്യ ലഹരിയിൽ പിന്നീട് യുവാക്കളുമായി വാക്ക് തർക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മുർഷിദും നിഷാദും വിഷയത്തിൽ ഇടപെട്ടപാടെ പ്രതി ഇരുവരെയും കത്തി കൊണ്ട് കുത്തി.
