വര്‍ക്കലയില്‍ സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
അപകടത്തിനു കാരണമായ ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരം: വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തില്‍ 24കാരന്‍ സംഗീത് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു സംഭവം. റോഡിലേക്ക് തെറിച്ചുവീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഗീതിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിനു കാരണമായ ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നാട്ടിലെ എല്ലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു സംഗീതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഓണാഘോഷ പരിപാടികളിലും സജീവമായിരുന്ന സംഗീത്. ഇന്ന് നടക്കുന്ന ചതയ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു.
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരിച്ചു
തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു. കന്യാകുമാരി വിളവംകോട് കാരുണ്യാപുരം വീട്ടില്‍ ഷീജയുടെ മകള്‍ സീന്‍ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വെങ്ങാനൂര്‍ സ്വദേശി ധനുഷിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കാഞ്ഞിരംകുളം കാണവിള കോളനിക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കുന്ന സീന്‍ കരുംകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. അവിടെ നിന്ന് മറ്റ് സുഹൃത്തുക്കളോടൊപ്പം രാത്രിയില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ബൈക്ക് തെന്നിമറിഞ്ഞായിരുന്നു അപകടം. റോഡരികിലെ പൈപ്പ് കുറ്റിയില്‍ തലയിടിച്ച് ഗുരുതര പരിക്കേറ്റ യുവതിയെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ മരണമടഞ്ഞു. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.