അസീമിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യയും ബന്ധുക്കളും ആർഡിഒക്ക് പരാതി നൽകിയിരുന്നു.

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ കോണാട് സ്വദേശി അസീമിന്‍റെ (40) അസ്വാഭാവിക മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി പൊലീസ്. അസീമിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയില്‍ പൊലിസ് ഖബർ തുറന്നു മൃതദേഹം പുറത്തെടുത്തത്. ആര്‍ഡിഒയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അസീമിന്‍റെ മരണം തലയിലെ ആന്തരിക രക്തസ്രാവം മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പരിക്കുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ആറാം തിയ്യതിയാണ് അസീം മരിച്ചത്. തോപ്പയിൽ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്ന് അസീമിൻറെ മൃതദേഹം പൊലീസ് പുറത്തെടുത്ത് റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിാണ് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അസീമിന്‍റെ മരണത്തിൽ ദരൂഹതയില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്

അഞ്ചാം തിയ്യതി രാത്രി ബന്ധുവിനൊപ്പം മദ്യപിച്ച് അവശനായ നിലയിലാണ് അസീം വീട്ടിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അടുത്ത ദിവസം രാവിലെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും ഇവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

പിന്നീട് തോപ്പയില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.

പിന്നാലെ അസീമിന്റെ ഭാര്യയും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് ആര്‍ഡിഒക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടത്. ഇദ്ദേഹത്തിന്റെ നെഞ്ചിലും വലതുകൈയ്യിലും മുഖത്തും പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കണ്ണ് തുറക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടില്‍ എത്തിയതെന്നും ബന്ധുക്കൾ പറയുന്നു. മര്‍ദ്ദനത്തിന് ഇരയായതായി സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു. തലച്ചോറില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി ഒരുങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചത്.