പുലർച്ചെ പുന്തുറയിൽ നടന്ന സ്കൂട്ടർ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. റോഡരികിലെ മണൽക്കൂനയിൽ ഇടിച്ചാണ് അപകടം

തിരുവനന്തപുരം: സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍ (19), ടിനോ (20) എന്നിവരാണ് മരിച്ചത്. സ്കൂട്ടറിന് പിന്നിലുണ്ടായിരുന്ന സുഹൃത്ത് അന്‍സാരിയെ (19) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 ഓടുകൂടി കുമരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്തുനിന്നും പൂന്തുറയിലെ പള്ളിയിൽ ഗാനമേള കാണാൻ വന്നതായിരുന്നു മൂന്ന് യുവാക്കളും. പുതുക്കാട് മണ്ഡപത്തിനു സമീപത്തെത്തിയപ്പോള്‍ സ്കൂട്ടർ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുകയറി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരം പൂന്തുറ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് മൂന്നുപേരെയും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻരക്ഷിക്കാനായില്ല. ഷാരോണിന്‍റെയും ടിനോയുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അപകടത്തിൽ പൂന്തുറ പൊലീസ് കേസെടുത്തു. അൻസാരിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടത്തിൽ മരിച്ച നാല് മലയാളികളും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നതാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ ഷാജു, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാൻ, തമിഴ്നാട് സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉറ്റ സുഹൃത്തുക്കളായിരുന്നു നാല് പേരുമെന്ന് നാട്ടുകാർ പറയുന്നു. എല്ലാവരും അടുത്തടുത്ത വീടുകളിലുള്ളവരാണ്. നേരത്തെയും ഈ രീതിയിൽ യാത്ര പോയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് വേളാങ്കണ്ണിയിലേക്ക് യാത്ര പുറപ്പെട്ടത്. പിറ്റേന്ന് രാവിലെയാണ് മരണ വിവരമറിഞ്ഞതെന്നും നാട്ടുകാർ പറയുന്നു. ബാലരാമപുരം നെല്ലിമൂട് നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിനായി പുറപ്പെട്ട 7 അംഗ സംഘമാണ് തമിഴ്നാട് തിരുച്ചിറപൂണ്ടിയിൽ വെച്ച് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച വാൻ തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. ഷാജു, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവർ തൽക്ഷണം മരിച്ചു. നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തമിഴ്നാട്ടിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.