സംഘര്‍ഷം അവസാനിച്ചു. പക്ഷേ, നഷ്ടപ്പട്ട ടൂറിസം സീസണ്‍ തകർത്തത് കശ്മീരികളെ കൂടിയാണ്. ടൂറിസത്തില്‍ ജീവിതം മുന്നോട്ട് നീക്കിയ വലിയൊരു വിഭാഗം ജനത പെട്ടെന്ന് നിസഹായരായി മാറി. ഇനി സര്‍ക്കാര്‍ മാത്രമാണ് അവരുടെ മുന്നിലുള്ള ഏക ആശ്രയം. കശ്മീരില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട‍ർ ധനേഷ് രവീന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വായിക്കാം. 


ഹാൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീർ താഴ്വരയിൽ ഏങ്ങും വലിയ അരക്ഷിതാവസ്ഥയാണ്. ഏപ്രിൽ 22 ന് 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിക്കൊണ്ട് ഭീകര‍ർ നടത്തിയ ആക്രമണം ജമ്മു കശ്മീരിലെ ടൂറിസത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്നതിന് തുല്യമായിരുന്നു. കശ്മീര്‍ ടൂറിസം  വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. പിന്നീടുള്ള ആഴ്ച്ചയിൽ സഞ്ചാരികളുടെ വരവിൽ ആറുപത് ശതമാനത്തോളം കുറവുണ്ടായി എന്നാണ് ജമ്മുകശ്മീരിലെ ടൂറിസവുമായി ബന്ധപ്പെട്ട സംഘടനകളുടെ കണക്ക്. 

കഴിഞ്ഞ രണ്ട് വ‍‍‍ർഷം കൊണ്ട് നേടിയ നേട്ടമെല്ലാം ഒറ്റയടിക്ക് ഒലിച്ചു പോകുന്ന അവസ്ഥ. ടാക്സി ഓടിക്കുന്നവർ, ചെറുകിട വ്യാപാരികൾ ഹോട്ടലും റെസ്റ്റോറൻറും നടത്തുന്നവർ താഴെത്തട്ടിലെ വലിയൊരു ജനവിഭാഗം പെട്ടെന്ന് പ്രതിസന്ധിയായി. നയതന്ത്രതലത്തിലടക്കം കടുത്ത നടപടികൾ തുടങ്ങിയതോടെ നിയന്ത്രണരേഖയിലും അന്തരാഷ്ട്ര അതിർത്തിയിലും പാക്കിസ്ഥാൻ അതിക്രമം ശക്തമാക്കി. രാത്രികാലങ്ങളിൽ അതിർത്തികൾ അശാന്തമായി. അതിർത്തി കടന്ന് പാക് ഷെല്ലുകൾ ഗ്രാമങ്ങൾ ലക്ഷ്യമാക്കി പറന്നിറങ്ങി.

പാക് ഭീകരതയ്ക്ക് ചുട്ട മറുപടി ഓപ്പറേഷൻ സിന്ദൂരിലൂടെ രാജ്യം നൽകിയതോടെ നിലവിട്ട പാക്കിസ്ഥാൻ പിന്നീട് നിയന്ത്രണരേഖയിലെ സാധാരണക്കാർക്ക് നേരെ നടത്തിയത് കടുത്ത ഷെൽ ആക്രമണം. ജമ്മു ടൗൺ മുതൽ ബാരാമുള്ളയിലെ ഉറി തുടങ്ങി കുപ്‍വാരയിലെ ക‍ർണ സെക്ടറില്‍ അടക്കം സാധാരണക്കാരായ ഗ്രാമീണരെ പോലും പാക്കിസ്ഥാൻ വെറുതെ വിട്ടില്ല. ആയിരത്തിലധികം വീടുകൾ തക‍‍ർന്നു. മലയോരത്തെ ചെറിയ അങ്ങാടികൾ വരെ പാക് ഷെല്ലാക്രമണത്തിൽ തകർന്ന് വീണു. പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. പാക്കിസ്ഥാൻ സൈന്യത്തിന്‍റെ കേന്ദ്രങ്ങൾ പോലും തരിപ്പണമായി. 

അശാന്തി കനത്തതോടെ നിയന്ത്രണരേഖയിലെ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തു. ഉറിയടക്കം ചെറിയ പട്ടണങ്ങൾ വളരെ വേഗം വിജനമായി. ജനങ്ങൾക്കിടയിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കിയ മൂന്ന് ആഴ്ച്ചകളാണ് കഴിഞ്ഞത്. എവിടെയും എന്തും സംഭവിക്കാമെന്ന ആശങ്ക. രാത്രി കാലങ്ങളിൽ ജമ്മുവിലും ശ്രീനഗ‍ർ പട്ടണത്തിലും പാക് ഡ്രോണുകളുടെ സാന്നിധ്യം. ഇവയ്ക്ക് നേരെ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളുടെ വെടിവെപ്പ്. ഭയത്തില്‍ മൂടി താഴ്‍വാര ഓരോ രാത്രിയും കഴിച്ച് കൂട്ടി. 

ഇതിനൊക്കെ മുമ്പ് തന്നെ വിനോദ സഞ്ചാരികളുടെ വരവ് നിലച്ചിരുന്നു. ആളുകൾക്ക് ദിവസ ജോലിക്ക് പോകാനാകത്ത അവസ്ഥ. ഒപ്പം ജോലിക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളും മടങ്ങി. പുതുതായി തുറന്ന മാളുകൾ, ഹോട്ടലുകൾ അടക്കം സ്വകാര്യമേഖലയിലെ എല്ലാ വ്യാപാര - നിർമ്മാണ പ്രവ‍ർത്തനങ്ങളും നിർത്തി. അതിർത്തി മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ  അടച്ചതോടെ ഗ്രാമീണ മേഖല എല്ലാത്തരത്തിലും വലിയ തിരിച്ചടി നേരിട്ടു.

ഒപ്പമുണ്ടെന്ന് ഒമർ 

സംഘർഷ സാഹചര്യങ്ങൾക്കിടയിലും കശ്മീർ ജനതയ്ക്ക് ആത്മവിശ്വാസം പകരുന്ന നടപടികളാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയിൽ നിന്നുണ്ടായത്. ജമ്മുവിലും കശ്മീരിലും പാക്ക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും വീടുകൾ തകർന്നവരെയും മുഖ്യമന്ത്രി നേരിട്ട് കണ്ടു. ജമ്മു മേഖല വലിയ സംഘർഷ സാഹചര്യത്തിൽ നിൽക്കവേ സ്വന്തമായി വാഹനം ഓടിച്ച് ആശുപത്രിയിൽ അടക്കമെത്തി പരിക്കേറ്റവരെ കണ്ട് ഒമർ അബ്ദുള്ള ജമ്മു കശ്മീരിന്‍റെ മുറിവുണക്കാൻ മുന്നിലുണ്ടെന്ന സന്ദേശം നൽകി. 

സൈനിക സുരക്ഷാക്രമീകരണങ്ങളിൽ ജനാധിപത്യ സർക്കാരുകൾക്ക് നേതൃത്വം നല്കിയവരോട് ഒരകൽച്ച മുമ്പ് സൈന്യത്തിനും ഉണ്ടായിരുന്നു. എന്നാൽ, ഇത്തവണ കരസേനയുടെ വടക്കൻ കമാൻഡർ ലഫ് ജനറൽ പ്രതീഖ് ശർമ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സുരക്ഷാക്രമീകരണങ്ങൾ വിശദീകരിച്ചു. സംഘ‍ർഷം ഒന്നടങ്ങിയപ്പോൾ രൂക്ഷമായ പാക് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ക്യാമ്പുകളിൽ എത്തിയ ജനങ്ങൾ അടക്കം ഇന്ന് സ്വന്തം ഗ്രാമത്തിലേക്ക്.. തകർന്ന വീടുകളിലേക്ക് മടങ്ങി തുടങ്ങി. അതിർത്തിയിലെ ചില മേഖലകൾ ഒഴിച്ച് മറ്റിടങ്ങളിൽ സ്കൂളുകളും കോളേജുകളും തുറന്നു. 

കാര്യങ്ങൾ സര്‍ക്കാറിന്‍റെ കൈയിൽ 

എന്നാൽ, സർക്കാരിന്‍റെ മുന്നിൽ ഇനിയുള്ള പ്രതിസന്ധി വീട് നഷ്ടപ്പെട്ടവരുടേത്  അടക്കം പുനരധിവാസമാണ്. അതിർത്തി പ്രദേശത്ത് 500 -ന് അടുത്ത് വീടുകൾക്ക് കേടുപാടുകൾ പറ്റി. ചില വീടുകൾ കത്തി നശിച്ചു. നഷ്ടമുണ്ടായവരിൽ ഭൂരിപക്ഷവും സാധാരണക്കാരാണ്. നിലവിൽ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന് കേന്ദ്രസർക്കാരിന്‍റെ സഹായം ഇക്കാര്യത്തിൽ കൂടിയേ മതിയാകൂ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി, വീടുകൾ പുനർനിർമ്മിക്കാൻ ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്‍റെ ആലോചനയിലാണ്. ഇരു രാജ്യങ്ങൾക്കും ഇടയിലെ സംഘർഷം പലരുടെയും ജീവനോപാധി നഷ്ടമാക്കിയതിനാൽ സർക്കാരിന്‍റെ കൈത്താങ്ങാണ് അതിർത്തി മേഖലയിലെ ജനങ്ങൾക്ക് ഇനി ആവശ്യം. ഒപ്പം ടൂറിസം മേഖലയെ വീണ്ടും ഉത്തേജിപ്പിക്കാൻ പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകണമെന്നും പ്രദേശവാസികൾ പറയുന്നു. ശാന്തമായ കശ്മീർ തദ്ദേശ ടൂറിസ്റ്റുകൾക്കായി കാത്തിരിക്കുകയാണ്.

 

കശ്മീർ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ധനേഷ് രവീന്ദ്രന്‍ ചെയ്ത മറ്റ് റിപ്പോര്‍ട്ടുകൾ വായിക്കാം. 
 

സാധാരണക്കാർക്ക് നേരെ പാക് ഷെൽ വര്‍ഷം; ആളൊഴിഞ്ഞ് അതിര്‍ത്തി ഗ്രാമങ്ങൾ; അതേ നാണയത്തിൽ തിരിച്ച് അടിച്ച് ഇന്ത്യ

അതിര്‍ത്തി ഗ്രാമങ്ങളില്‍ അതീവ ജാഗ്രത; കശ്മീരില്‍ സംഘര്‍ഷം കനക്കുന്നു

ആളൊഴിഞ്ഞ ഗ്രാമങ്ങൾ, തകർന്നടിഞ്ഞ വീടുകൾ; മൂന്ന് ദിവസത്തെ അശാന്തിക്ക് ശേഷം കശ്മീർ സമാധാനത്തിലേക്ക്

ശാന്തം, കശ്മീര്‍ താഴ്വാരം വീണ്ടും സാധാരണ ജീവിതത്തിലേക്ക്; ജാഗ്രത വിടാതെ സൈന്യം

ഇന്ത്യോ-പാക് സംഘര്‍ഷം; 'ഞങ്ങളെന്ത് തെറ്റ് ചെയ്തു?', ഉത്തരമില്ലാതെ 12 -കാരൻ ഫൈസാന്‍റെ ചോദ്യം

അതിര്‍ത്തി ഗ്രാമങ്ങളും സാധാരണ നിലയിലേക്ക്; ഭീകരരെ വേട്ടയാടി സൈന്യം

അതിര്‍ത്തി സംഘര്‍ഷത്തിന് അയവ്; പാക്ക് ഷെല്ലില്‍ തക‍ർന്ന വീടുകൾക്ക് പകരമിനിയെന്ത്?

സഞ്ചാരികൾ കുറഞ്ഞു; കശ്മീരിൽ ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിൽ